ഗുരുവായൂരിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രമുഖർ പങ്കെടുത്തു; കേരള വർമ്മരാജയുടെ സാമൂഹിക-സാംസ്കാരിക സേവനങ്ങളെ അനുസ്മരിച്ചു
ഗുരുവായൂർ: കോഴിക്കോട് സാമൂതിരി കോവിലകത്തെ മുതിർന്ന സാമൂതിരി രാജാവും ഗുരുവായൂർ ദേവസ്വം ഭരണസമിതി മുൻ അംഗവുമായിരുന്ന പി. കെ. കേരള വർമ്മരാജയുടെ നിര്യാണത്തിൽ ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി കേരള ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. ഗുരുവായൂരിൽ ചേർന്ന യോഗത്തിൽ കേരള വർമ്മരാജയുടെ വിയോഗത്തിൽ സംഘടനയുടെ നേതാക്കളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.സംസ്ഥാന പ്രസിഡന്റ് ഐ. പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മധു. കെ. നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള വർമ്മരാജയുടെ വിയോഗം സാമൂഹിക-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അംഗമായി പ്രവർത്തിച്ചിരുന്ന കാലയളവിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളും ഇടപെടലുകളും യോഗത്തിൽ സ്മരിച്ചു. പാരമ്പര്യവും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു കേരള വർമ്മരാജയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.സംസ്ഥാന ട്രഷറർ കെ. മോഹനകൃഷ്ണൻ, ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ടി. ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ. പി. നായർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
കേരള വർമ്മരാജയുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും യോഗം അറിയിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അനുശോചന യോഗം സമാപിച്ചത്.
