അർധരാത്രിയിൽ കൃഷ്ണാവതാരവും വിശ്വരൂപദർശനവും; ഭക്തിസാന്ദ്രമാകും ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷം
ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അവതാരം കഥ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങേറും. ശ്രീകൃഷ്ണ ഭഗവാന്റെ ജനനസ്മരണ പുതുക്കുന്ന തരത്തിൽ, അർധരാത്രി 12 മണിയോടെ ഭഗവാന്റെ അവതാരം അരങ്ങിൽ ദർശിക്കാവുന്ന വിധത്തിലാണ് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം കൃഷ്ണനാട്ടം അവതരണത്തിന് പ്രത്യേകമായി രംഗാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്ന ദിവസമാണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ആചരിക്കുന്നത്. വിശ്വാസപ്രകാരം അർധരാത്രിയിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ചത്. ഈ ദിവ്യസങ്കൽപ്പത്തെ കലാരൂപത്തിലൂടെ ഭക്തർക്ക് അനുഭവവേദ്യമാക്കുന്നതാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേക കൃഷ്ണനാട്ടം അവതരണം. പതിവുപോലെ രാത്രി 10 മണിക്ക് കൃഷ്ണനാട്ടം ‘അവതാരം’ കഥയുടെ കളി ആരംഭിക്കും. കഥയുടെ പുരോഗതിക്കൊപ്പം അർധരാത്രിയിലേക്ക് എത്തുമ്പോൾ ശ്രീകൃഷ്ണ ഭഗവാന്റെ ജനനരംഗം അരങ്ങിൽ അവതരിപ്പിക്കും. കൃഷ്ണാവതാരത്തിന്റെ ദർശനത്തിനായി നിരവധി ഭക്തരാണ് ഈ അവസരത്തിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലെത്തുക.
അർധരാത്രി 12 മണിക്ക് കൃഷ്ണാവതാരവും തുടർന്ന് വിശ്വരൂപദർശനവും അരങ്ങിൽ ദർശിക്കാനാകുന്ന തരത്തിലാണ് അവതരണം ക്രമീകരിച്ചിരിക്കുന്നത്. ഭഗവാന്റെ അവതാരരംഗം നേരിൽ കണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സായൂജ്യ നിർവൃതിയോടെ ഭക്തർ മടങ്ങുന്നതോടെയാണ് ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് പൂർണത കൈവരിക്കുക.
ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളോടൊപ്പം ക്ഷേത്രകലകൾക്കും പ്രത്യേക പ്രാധാന്യം നൽകുന്ന ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷങ്ങളിൽ കൃഷ്ണനാട്ടം അവതാരത്തിന് എന്നും ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. ഭഗവാന്റെ ജന്മസ്മരണയും കേരളത്തിന്റെ തനത് ക്ഷേത്രകലാപാരമ്പര്യവും ഒരേ വേദിയിൽ സംഗമിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്തവണത്തെ കൃഷ്ണനാട്ടം അവതാരവും.
