മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് തെളിഞ്ഞു; ആദ്യ കളിയായ ‘അവതാരം’ കാണാൻ നിറഞ്ഞ ഭക്തസദസ്സ് — 364 പേർ വഴിപാട് ശീട്ടാക്കി

ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടംകളിക്ക് വീണ്ടും അരങ്ങുണർന്നു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും പൂർത്തിയാക്കി ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞതോടെയാണ് കൃഷ്ണനാട്ടത്തിന്റെ പുതിയ അരങ്ങിന് തുടക്കമായത്.നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ‘അവതാരം’ കഥയാണ് ആദ്യമായി അരങ്ങേറിയത്. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും, ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ വേഷമിട്ടപ്പോൾ ഗോകുലിന്റെ വേഷത്തിൽ ഗോകുൽ (ബ്രഹ്മാവ്), പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, വസുദേവരായി എം. പ്രമോദ് എന്നിവർ അരങ്ങിലെത്തി. ഗോപസ്ത്രീകളായി നന്ദകിഷോർ കെ., കൃഷ്ണപ്രസാദ് ജെ., ആദിത്യഹരി, ആദർശ് പി. നായർ എന്നിവർ വേഷമിട്ടു. കൃഷ്ണനാട്ടത്തിന്റെ ആദ്യത്തെ വഴിപാടുകളിയായ ‘അവതാരം’ കാണുന്നതിനായി 364 പേർ ശീട്ടാക്കിയിരുന്നു.
581 പേരുടെ വഴിപാടുമായി ‘സ്വയംവരം’
സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി കൃഷ്ണനാട്ടത്തിൽ ‘സ്വയംവരം’ കഥ അരങ്ങേറും. ഈ കളിക്കായി 581 പേർ വഴിപാട് ശീട്ടാക്കിയിട്ടുണ്ട്.‘സ്വയംവരം’ കഥയിൽ ശ്രീകൃഷ്ണനായി ആശാൻ എസ്. മാധവൻകുട്ടിയും, ബലരാമനായി കെ. പ്രശാന്തും വേഷമിടും. സാന്ദീപനിയുടെ വേഷത്തിൽ എ. ഗോകുൽ, ധർമ്മരാജാവായി എൻ. കൃഷ്ണകുമാർ, ശിശുപാലനായി ഒ. രതീഷ്, യവനനായി ആശാൻ എ. മുരളീധരൻ, ദന്തവക്ത്രനായി പി. കൃഷ്ണപ്രകാശ്, രുഗ്മണിയായി എ. ഗോകുൽ, ജാംബവാനായി എ.പി. സത്യനാഥൻ എന്നിവർ അരങ്ങിലെത്തും.ഗോപസ്ത്രീകളായി കൃഷ്ണപ്രസാദ് ജെ., ആദർശ് പി. നായർ, കൈലാസ്നാഥ് ടി.കെ., നിവേദ് കൃഷ്ണ ഇ.എം. എന്നിവർ വേഷമിടും.
അഷ്ടമിരോഹിണിയിൽ പ്രത്യേക അവതരണം
അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണനാട്ടത്തിന് പ്രത്യേക സമയക്രമവും ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രി 10 മണിക്ക് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം ആരംഭിക്കും.പതിവുപോലെ രാത്രി 12 മണിയോടെ കൃഷ്ണാതാരവും വിശ്വരൂപദർശനവും രംഗത്ത് ഭക്തജനങ്ങൾക്ക് ദർശിക്കാനാകുന്ന രീതിയിലാണ് അഷ്ടമിരോഹിണി ദിവസത്തെ കൃഷ്ണനാട്ടം ക്രമീകരിച്ചിരിക്കുന്നത്. കൃഷ്ണലീലകളുടെ ദൃശ്യാവിഷ്കാരവും സംഗീതവും വാദ്യവും ചമയവും സമന്വയിക്കുന്ന ഈ അവതരണം ഭക്തർക്ക് വേറിട്ട അനുഭവമാകും.
അരങ്ങിലും അണിയറയിലും ആശാന്മാരുടെ നേതൃത്വത്തിൽ
കൃഷ്ണനാട്ടത്തിന്റെ പുനരാരംഭത്തിന് അരങ്ങിലും അണിയറയിലും പരിചയസമ്പന്നരായ കലാകാരന്മാരാണ് നേതൃത്വം നൽകുന്നത്. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.വേഷം വിഭാഗത്തിൽ ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകുന്നു. പാട്ട് വിഭാഗത്തിൽ എം.കെ. ദിൽക്കുഷ്, സി.പി. സത്യനാരായണൻ ഇളയത് എന്നിവർ നേതൃത്വം വഹിക്കുന്നു.ശുദ്ധ മദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി.ആർ. ശിവകുമാർ, ചമയം പി. മുരളീകൃഷ്ണൻ എന്നിവരും കൃഷ്ണനാട്ടത്തിന്റെ അരങ്ങും അണിയറയും സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് വീണ്ടും തെളിഞ്ഞതോടെ ഗുരുവായൂരിലെ രാത്രികൾക്ക് കൃഷ്ണനാട്ടത്തിന്റെ ചാരുതയും ഭക്തിസാന്ദ്രമായ കലാനുഭവവും തിരിച്ചെത്തിയിരിക്കുകയാണ്.
