ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ദീപനി മാതൃസദനത്തിൽ ജന്മദിനാഘോഷം; അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു
ഗുരുവായൂർ: പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ 173-ാം ജന്മദിനം ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ (GNSS) ആഭിമുഖ്യത്തിൽ സാന്ദീപനി മാതൃസദനത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി ആഘോഷിച്ചു. ചട്ടമ്പിസ്വാമികളുടെ ആത്മീയ-സാമൂഹിക ദർശനങ്ങളും മാനവിക സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം സേവനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും പരിപാടി സംഘടിപ്പിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ജന്മദിനാഘോഷം കവിയും പണ്ഡിതശ്രേഷ്ഠനുമായ ഗുരുനാഥൻ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ചട്ടമ്പിസ്വാമികളുടെ ജീവിതവും ദർശനങ്ങളും സാമൂഹിക ഇടപെടലുകളും അനുസ്മരിച്ച് പ്രഭാഷണം നടത്തി.
കേരളത്തിന്റെ ആത്മീയ-സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ വഹിച്ച നിർണായക പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനന്മയ്ക്കും അറിവിനും ആത്മീയ ഉണർവിനും പ്രാധാന്യം നൽകിയ ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ ഇന്നത്തെ സമൂഹത്തിലും ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ജി.എൻ.എസ്.എസ് ജനറൽ സെക്രട്ടറി മധു കെ. നായർ, ഭാരവാഹികളായ കെ. മോഹനകൃഷ്ണൻ, കെ.ടി. ശിവരാമൻ നായർ, ശ്രീകുമാർ പി. നായർ, വിനോദ് മേനോൻ, കെ.സി. ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. മഹിളാ വിഭാഗമായ ജനനിയുടെ ഭാരവാഹികളായ രാധാ ശിവരാമൻ നായർ, ബീന രാമചന്ദ്രൻ, ഗീത വിനോദ്, സൗമിനി ശ്രീകുമാർ, അംബിക കുറുപ്പ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചട്ടമ്പിസ്വാമികളുടെ സ്മരണാർത്ഥം സാന്ദീപനി മാതൃസദനത്തിലെ അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. ചട്ടമ്പിസ്വാമികളുടെ മാനവികതയും സേവനസന്ദേശവും പ്രവർത്തിയിലൂടെ സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനപ്രവർത്തനം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ആത്മീയ അനുസ്മരണത്തിനൊപ്പം കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പകർന്ന ചടങ്ങ് ചട്ടമ്പിസ്വാമികളുടെ ജന്മദിനാഘോഷത്തിന് കൂടുതൽ അർത്ഥവത്തായ മുഖം നൽകി.
