1968-ൽ 40 നേന്ത്രക്കുലകൾ; കാലം പിന്നിട്ടപ്പോൾ നൂറുകണക്കിന് കാഴ്ചക്കുലകളുമായി ഭക്തജനങ്ങൾ — ഗുരുവായൂരിലെ ഉത്രാട ആചാരത്തിന് ഇന്നും അതേ ഭക്തിസാന്ദ്രത
ഗുരുവായൂർ: പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഉത്രാടം സുദിനം. 2026 ആഗസ്റ്റ് 25 ചൊവ്വാഴ്ച ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടക്കുന്ന ഉത്രാടം കാഴ്ചക്കുല സമർപ്പണം പഴമയുടെ ഓർമ്മകളും ആചാരപ്പെരുമയും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന അപൂർവ ചടങ്ങായി മാറും.
ഗുരുവായൂർ ക്ഷേത്രചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന പാട്ടക്കുല സമർപ്പണമാണ് കാലക്രമത്തിൽ കാഴ്ചക്കുല സമർപ്പണമായി മാറിയത്. പൗരാണിക കാലഘട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ ഭൂമികൾ പാട്ടത്തിന് നൽകുന്ന പതിവുണ്ടായിരുന്നു. അന്ന് ക്ഷേത്രത്തിലെ സോപാനവരവുകൾ മേശ്ശാന്തിക്കായിരുന്നു ലഭിച്ചിരുന്നത്. അതിൽനിന്ന് ക്ഷേത്രത്തിന്റെ വിവിധ ചെലവുകൾ മേശ്ശാന്തി തന്നെ നിർവഹിക്കേണ്ടിയിരുന്ന കാലവുമുണ്ടായിരുന്നു.
ഉത്രാടദിവസത്തെ പാട്ടക്കുല സമർപ്പണവും നവമി ദിവസത്തെ ഏകാദശി വിളക്കുമായി ബന്ധപ്പെട്ട ചിലവുകളും മേശ്ശാന്തിയുടെ വകയായിരുന്നു. വൈകുണ്ഠനാഥനായ ഗുരുവായൂരപ്പൻ ജന്മിയായും ഭക്തർ പാട്ടക്കാരായും നിലനിന്നിരുന്ന പഴയ സാമൂഹിക സാഹചര്യത്തിൽ, പാട്ടക്കരം നൽകുന്നവർ തിരുവോണത്തിന് തലേദിവസം കൊടിമരത്തറയിൽ നേന്ത്രക്കുല സമർപ്പിച്ച് ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചശേഷം തിരുവോണാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിന്നിരുന്ന ഈ പൗരാണിക ആചാരം പിന്നീട് കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും പ്രധാനപ്പെട്ട ചടങ്ങായി മാറി. ക്ഷേത്രാചാരങ്ങളുടെയും ചടങ്ങുകളുടെയും കാര്യത്തിൽ ഗുരുവായൂർ മാതൃകയായതിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ പാരമ്പര്യത്തെയും കാണുന്നത്.
പാട്ടക്കുലയിൽ നിന്ന് കാഴ്ചക്കുലയിലേക്ക്
കാലം മാറി. പഴയ ജന്മി–കുടിയാൻ ബന്ധം ഇല്ലാതായി. കോർട്ട് ഓഫ് വാർഡ്സ് ഭരണകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ മേശ്ശാന്തിക്ക് തോറൻസായ്വ് എന്ന ബ്രിട്ടീഷ് ഭരണാധികാരി പ്രതിമാസം 150 രൂപ ശമ്പളം നിശ്ചയിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ മുഴുവൻ ചെലവുകളും ദേവസ്വം നേരിട്ട് വഹിക്കുന്നതിനുള്ള ക്രമീകരണങ്ങളും പിന്നീട് നിലവിൽ വന്നു.ഇതോടെയാണ് പാട്ടക്കുല എന്ന പഴയ പേരിന് പകരം ‘കാഴ്ചക്കുല’ എന്ന പേര് പ്രചാരത്തിലായത്. കാലക്രമേണ അത് ഭക്തജനങ്ങൾ ഓരോ വർഷവും ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പവിത്രമായ വഴിപാടായി വളർന്നു.
1968-ൽ 40; പിന്നീട് നൂറുകണക്കിന് കുലകൾ
ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന്റെ വളർച്ച വ്യക്തമാക്കുന്ന ചരിത്രസ്മരണകളും ശ്രദ്ധേയമാണ്. 58 വർഷം മുമ്പ്, 1968-ൽ ഉത്രാടം ദിവസം ഭക്തജനങ്ങളുടെ വകയായി 40 നേന്ത്രക്കുലകളാണ് പാട്ടക്കുലയായി സമർപ്പിക്കപ്പെട്ടത്. 1980 ആഗസ്റ്റ് 23-ന് നടന്ന ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിൽ എണ്ണം 96 ആയി ഉയർന്നു.1971-ൽ ഗുരുവായൂർ ക്ഷേത്രഭരണത്തിൽ ജനാധിപത്യ സ്വഭാവത്തിലുള്ള ഭരണസാരഥ്യം നിലവിൽ വന്നതോടെ കാഴ്ചക്കുല സമർപ്പണത്തിൽ ദേവസ്വം ഭരണസമിതിയുടെ സാന്നിധ്യവും കൂടുതൽ ശ്രദ്ധേയമായി.
1981-ലെ ഉത്രാടം സുദിനത്തിൽ ജഗദ്ഗുരു കാഞ്ചികാമകോടിപീഠം ജയേന്ദ്ര സരസ്വതി സ്വാമികൾ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചതും ചടങ്ങിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായി. ഇതോടെ വിശിഷ്ട വ്യക്തികളും ഉത്രാടം ദിവസം ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്ന പതിവ് കൂടുതൽ ശക്തമായി.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉൾപ്പെടെയുള്ള പ്രമുഖർ ഉത്രാടം കാഴ്ചക്കുല സമർപ്പിക്കാൻ ഗുരുവായൂരിലെത്തിയിരുന്ന കാലവും ഈ പാരമ്പര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. വിശിഷ്ട വ്യക്തികളും സാധാരണ ഭക്തജനങ്ങളും ഒരുപോലെ കാഴ്ചക്കുല സമർപ്പിക്കാൻ എത്തിത്തുടങ്ങിയതോടെ വർഷംതോറും കാഴ്ചക്കുലകളുടെ എണ്ണത്തിലും വലുപ്പത്തിലും വർധനയുണ്ടായി. പിന്നീട് എണ്ണം നൂറും അതിലധികവുമായി.
ഉത്രാടപ്പുലരിയിലെ ആനകളുടെ ശീവേലി — മറക്കാനാവാത്ത പഴയ കാഴ്ച
ഉത്രാടദിവസത്തെ ഗുരുവായൂർ ക്ഷേത്രത്തിലെ മറ്റൊരു അപൂർവ പാരമ്പര്യവും പഴയ തലമുറയുടെ ഓർമകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. ഗുരുവായൂരപ്പന്റെ ആനകളെല്ലാം ഉത്രാടം ദിവസം രാവിലെ ശീവേലിക്ക് കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. നെറ്റിപ്പട്ടം അണിഞ്ഞ് എല്ലാ ആനകളും ഗുരുവായൂരപ്പന് പ്രദക്ഷിണം വയ്ക്കുന്ന ആ കാഴ്ച അത്യപൂർവമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു കാഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവിധം കാലം മാറിയെങ്കിലും, ആനകളുമായി ബന്ധപ്പെട്ട ആ പഴയ ഉത്രാടസ്മരണകൾ ഗുരുവായൂരിന്റെ ആചാരചരിത്രത്തിലെ വേറിട്ട അധ്യായമാണ്. ശീവേലിക്ക് ശേഷം കാഴ്ചക്കുല സമർപ്പണം പൂർത്തിയായാൽ ആനകൾക്ക് നേന്ത്രപ്പഴം നൽകുന്നതും പതിവായിരുന്നു.
തിരുവോണസദ്യയിലേക്കും പാരമ്പര്യം നീണ്ടു
കാഴ്ചക്കുല സമർപ്പണത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന അധ്യായമാണ് തിരുവോണസദ്യ. കാഴ്ചക്കുലകളിൽനിന്ന് ആനകൾക്ക് നേന്ത്രപ്പഴം നൽകിയശേഷം, 1992 മുതൽ തിരുവോണം സുദിനത്തിൽ ഭക്തജനങ്ങൾക്കായി പഴപ്രഥമനോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യയും ആരംഭിച്ചു.ഭക്തജനത്തിരക്ക് വർഷംതോറും വർധിച്ചതോടെ കാഴ്ചക്കുല സമർപ്പണത്തിനും ദേവസ്വം ക്യൂ സംവിധാനം ഏർപ്പെടുത്തി. ഇതോടെ വലിയ തോതിൽ എത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ ക്രമബദ്ധമായി വഴിപാട് നടത്താനുള്ള സൗകര്യവും ലഭിച്ചു.
വീണ്ടും ഉത്രാടം; പഴയ ഓർമ്മകളുമായി ആയിരങ്ങൾ
ഇതാ, വീണ്ടും ഒരു ഉത്രാടം കൂടി. 2026 ആഗസ്റ്റ് 25-ന് ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാൻ ഏറ്റവും മുന്തിയ ഇനം നേന്ത്രക്കുലകളുമായി ഭക്തജനങ്ങൾ ഗുരുപവനപുരിയിൽ എത്തിക്കൊണ്ടിരിക്കുന്നു.ഉത്രാടദിവസം രാവിലെ ശീവേലിക്ക് ശേഷം ഗുരുവായൂരപ്പന്റെ മേശ്ശാന്തി കാഴ്ചക്കുല സമർപ്പിച്ചതോടെ കൊടിമരത്തറയിൽ നേന്ത്രക്കുലകൾ നിറയുന്ന ദൃശ്യമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. . കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും പഴമയുടെ പെരുമയും ഭക്തിയുടെ നിറവും ഒത്തുചേരുന്ന അപൂർവ നിമിഷം.ഒരുകാലത്ത് 40 നേന്ത്രക്കുലകളിൽ ആരംഭിച്ച ഈ പാരമ്പര്യം പിന്നീട് 96-ലേക്കും തുടർന്ന് നൂറുകണക്കിന് കാഴ്ചക്കുലകളിലേക്കും വളർന്നു. എണ്ണം കൂടിയെങ്കിലും ആചാരത്തിന്റെ ആത്മാവ് മാറിയിട്ടില്ല — ഗുരുവായൂരപ്പന്റെ തിരുമുമ്പിൽ ഭക്തിപൂർവം സമർപ്പിക്കുന്ന ഒരു നേന്ത്രക്കുല, അതിന്റെ പിന്നിലെ വിശ്വാസം, സമർപ്പണത്തിന്റെ പവിത്രത.
ഉത്രാടം ദിവസം ഗുരുവായൂരിലെ കൊടിമരത്തറയിൽ കാഴ്ചക്കുലകളാൽ നിറയുന്ന കാഴ്ച, പഴമയും വിശ്വാസവും പാരമ്പര്യവും ഒരുമിക്കുന്ന ഗുരുപവനപുരിയുടെ സ്വന്തം ദൃശ്യമാണ്.
ഹന്ത! ഭാഗ്യം ജനാനാം!!
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
