തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ അഴിമതിയിൽ മുങ്ങിയെന്നും ഭരണം അഴിമതിക്കാരായ ചില കൗൺസിലർമാർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആരോപിച്ചു.
കരാറുകാരൻ അനധികൃതമായി പൊളിച്ച ബിനി ടൂറിസ്റ്റ് ഹോം കരാറുകാരൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ കോർപറേഷൻ തന്നെ നിർമ്മിച്ച് നൽകാൻ അണിയറയിൽ തീരുമാനിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ അഴിമതിക്കാരായ ചില കൗൺസിലർമാരാണ്. കരാറുകാരൻ പൊളിച്ച് കടത്തിക്കൊണ്ട് പോയ വസ്തുക്കൾ തിരികെയെടുപ്പിച്ച് ബിനി ടൂറിസ്റ്റ് ഹോം പുനർ നിർമ്മിക്കുന്നതിന് പകരം കരാറുകാന് പബും,ഡാൻസ് ബാറും, ഹോട്ടലും നടത്താനുള്ള സൗകര്യങ്ങൾ പണിത് നൽകാനാണ് നീക്കം നടക്കുന്നത്.കോർപറേഷൻ കെട്ടിടത്തിന് രൂപ മാറ്റമോ കൂട്ടിച്ചേർക്കലോ വേണമെങ്കിൽ കൗൺസിൽ അനുമതി വേണമെന്നിരിക്കെ കൗൺസിലിൽ അറിയിക്കാതെ രഹസ്യമായാണ് ഇതെല്ലാം നടക്കുന്നത്.
കരാറുകാരൻ ജെനിഷ് ഷംസുദീനെ ബിനാമിയാക്കി സിപിഎം കൗൺസിലർമാരായ ചിലർ തന്നെയാണ് ബിനി ടൂറിസ്റ്റ് ഹോം വാടകയ്ക്കെടുത്തിട്ടുള്ളതെന്ന് വ്യക്തമാവുകയാണ്. ഈ തട്ടിപ്പിനെല്ലാം കൂട്ട് നിന്ന കോർപറേഷൻ സെക്രട്ടറിയെ സംരക്ഷിക്കുന്നതും ബിനി പൊളിച്ച കേസ് അട്ടിമറിക്കുന്നതും സി പി എം നേതൃത്വത്തിൻ്റെ അറിവോടെയാണ്. കോർപറേഷനുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഇടനിലക്കാരായി നിന്ന് കോടികൾ തട്ടുന്ന സിപിഎം കൗൺസിലർമാർ കോർപറേഷനെ അഴിമതിയിൽ മുക്കിയിട്ടും സിപിഎം നേതൃത്വത്തിന് മിണ്ടാട്ടമില്ല. ഭൂമാഫിയകളുടെ താൽപര്യം സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ പുതിയ മാസ്റ്റർ പ്ലാനിൽ ഒളിച്ചു കടത്തിയതും ഇതേ കൗൺസിലർമാരാണ്. ബിനിയുമായി ബന്ധപ്പെട്ട കരാറിൽ ആരോപ വിധേയനായ വ്യക്തിയുമായി സിപിഎം കൗൺസിലർ ബാങ്കോക്കിലേക്ക് കുടുംബസമേതം ഉല്ലാസയാത്ര നടത്തിയിട്ടും സിപിഎം നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് കമ്മീഷൻ പണത്തിൻ്റെ വിഹിതം സിപിഎം നേതൃത്വം കൈപ്പറ്റുന്നത് കൊണ്ടാണെന്നും അഡ്വ കെ.കെ അനീഷ്കുമാർ ആരോപിച്ചു.