അരങ്ങേറ്റങ്ങൾ ഭക്തിസമർപ്പണത്തിന്റെ ഭാഗം; നിലവിലെ വാടക തുടരണം, ബുക്കിംഗ് കൂടുതൽ സുതാര്യമാക്കണമെന്നും ആവശ്യം
,ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ വാടക വർധിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നതായുള്ള വാർത്തകൾ ആശങ്കയോടെയാണ് കാണുന്നതെന്ന് ഗുരുവായൂർ ക്ഷേത്ര ഭക്തജന കൂട്ടായ്മ അറിയിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ഭരണസമിതി പുനർചിന്തനം നടത്തി നിലവിലെ വാടക ഘടന തുടരണമെന്നും ഭക്തജന കൂട്ടായ്മ ആവശ്യപ്പെട്ടു.
നൃത്തം, സംഗീതം, വാദ്യകലകൾ, ക്ഷേത്രകലകൾ, പാരായണം തുടങ്ങിയ കലാരൂപങ്ങളിൽ വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും നിരന്തര അഭ്യാസത്തിലൂടെയും പ്രാവീണ്യം നേടിയ കലാകാരന്മാർക്ക്, ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ കല സമർപ്പിച്ച് അരങ്ങേറ്റം നടത്തുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ മുഹൂർത്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കലാപ്രകടനം മാത്രമല്ല, ഗുരുവായൂരപ്പന്റെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കണമെന്ന പ്രാർത്ഥനയോടെയാണ് നിരവധി കുടുംബങ്ങൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം സംഘടിപ്പിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം ചടങ്ങുകൾക്കായി കുടുംബങ്ങൾ വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്താണ് മുന്നോട്ടുപോകുന്നത്. വസ്ത്രാലങ്കാരം, സംഗീതസംവിധാനം, കലാപരിശീലനം, ഫോട്ടോഗ്രഫി, വീഡിയോ, സ്വീകരണച്ചെലവുകൾ തുടങ്ങി നിരവധി സാമ്പത്തിക ഉത്തരവാദിത്തങ്ങൾക്കിടയിൽ ഓഡിറ്റോറിയം വാടകയും വർധിപ്പിക്കുന്നത് സാധാരണ കുടുംബങ്ങൾക്ക് അധികഭാരമാകുമെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയിലെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിൽ കലാകാരന്മാർക്ക് സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ അരങ്ങേറ്റ സൗകര്യങ്ങൾ ഒരുക്കുന്ന സാഹചര്യത്തിൽ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തിസമർപ്പണമായി നടക്കുന്ന ഇത്തരം ചടങ്ങുകൾക്ക് നിലവിലുള്ള വാടക തന്നെ തുടരണമെന്നും വർധന ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഴുവൻ ദിവസവും നീളുന്ന ആത്മീയ-സാംസ്കാരിക ചടങ്ങുകൾക്ക് ഭക്തർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന സമീപനമാണ് ദേവസ്വം സ്വീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ സാമൂഹിക-സാംസ്കാരിക ഉത്തരവാദിത്തവും പരിഗണിച്ച്, ഭക്ത കലാകാരന്മാരുടെ ജീവിതസാഫല്യ വേദിയായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ വാടക വർധിപ്പിക്കാനുള്ള നീക്കം പൂർണമായും ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതോടൊപ്പം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ബുക്കിംഗ് സംവിധാനം കൂടുതൽ സുഗമവും സുതാര്യവും ഭക്തസൗഹൃദപരവുമാക്കാൻ ദേവസ്വം അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ക്ഷേത്ര ഭക്തജന കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. എം. ഗോപിനാഥൻ നായർ, ടി.ഡി. സത്യദേവൻ, എസ്. നാരായണയ്യർ, ശ്രീദേവി ബാലൻ, സുബ്രമണ്യൻ ഗുരുവായൂർ, പി. വേണുഗോപാൽ, കെ. ശശികുമാർ, ബിന്ദു കെ. നായർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
