the digital signature of the temple city

നാദവിസ്മയത്തിന് വിട; ഇതിഹാസ ഗായിക എസ്. ജാനകി അന്തരിച്ചു

മലയാളിയുടെ ഹൃദയത്തിൽ എന്നും മുഴങ്ങുന്ന ശബ്ദം നിശ്ശബ്ദമായി; സംഗീതലോകത്തിന് തീരാനഷ്ടം

പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് 7.30 ഓടെ അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീതലോകത്തെ ദുഃഖത്തിലാഴ്ത്തുന്ന വാർത്തയാണ് ജാനകിയമ്മയുടെ വിയോഗം.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച എസ്. ജാനകി മൂന്നാം വയസിൽ തന്നെ സംഗീതത്തോട് അസാധാരണമായ ആഭിമുഖ്യം പ്രകടിപ്പിച്ചു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച അവർ പിന്നീട് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയതല ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകിയുടെ അസാമാന്യ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് എ.വി.എം. സ്റ്റുഡിയോയിൽ അവസരം ലഭിച്ചതോടെ സംഗീതജീവിതത്തിന് പുതിയ തുടക്കമായി.

1957-ൽ, വെറും 19-ാം വയസിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ജാനകിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അവർ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും മഹത്തായ ഗായികമാരിൽ ഒരാളായി മാറി.

മലയാളികൾക്ക് എന്നും പ്രിയങ്കരമായ അനേകം ഗാനങ്ങൾ എസ്. ജാനകിയുടെ ശബ്ദത്തിലൂടെയാണ് അമരത്വം നേടിയത്. ‘തളിരിട്ട കിനാക്കൾ’, ‘വാസന്ത പഞ്ചമി നാളിൽ’, ‘സൂര്യകാന്തീ… സൂര്യകാന്തീ’, ‘മണിമുകിലേ’, ‘കവിളത്ത് കണ്ണീർ കണ്ടു’, ‘താമരക്കുമ്പിളല്ലോ’, ‘അവിടുന്നെൻ ഗാനം കേൾക്കാൻ’, ‘എൻ പ്രാണനായകനെ’, ‘കണ്ണിൽ കണ്ണിൽ’, ‘താനേ തിരിഞ്ഞും മറിഞ്ഞും’ തുടങ്ങി മലയാള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മുഴങ്ങുന്ന ഒട്ടേറെ ഗാനങ്ങൾ അവർ സമ്മാനിച്ചു. 2024-ൽ പുറത്തിറങ്ങിയ ‘എന്റെ പ്രിയതമൻ’ എന്ന ചിത്രത്തിലെ ‘ലല്ലലം ചൊല്ലും’ ആയിരുന്നു ജാനകിയമ്മ ആലപിച്ച അവസാന മലയാളഗാനം.

മലയാളിയല്ലാതിരുന്നിട്ടും അത്യന്തം ശുദ്ധമായ ഉച്ചാരണത്തോടെയും അപൂർവമായ ഭാവസമ്പന്നതയോടെയും അവർ ആലപിച്ച മലയാള ഗാനങ്ങൾ ഇന്നും വിസ്മയമായി നിലകൊള്ളുന്നു. എം.എസ്. ബാബുരാജ് ഉൾപ്പെടെയുള്ള സംഗീതസംവിധായകരോടൊപ്പം ജാനകി തീർത്ത ഗാനങ്ങൾ മലയാള സിനിമാസംഗീതത്തിന്റെ സുവർണ അധ്യായങ്ങളാണ്. തമിഴിൽ ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്നുള്ള അവരുടെ ഗാനങ്ങൾ സംഗീതലോകത്ത് പുതിയ ചരിത്രം കുറിച്ചു.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആദ്യമായി കേരളത്തിലേക്ക് എത്തിച്ച ഗായികയും എസ്. ജാനകിയായിരുന്നു. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പതിനൊന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഉൾപ്പെടെ അനേകം ബഹുമതികൾ അവരുടെ സംഗീതജീവിതത്തെ അലങ്കരിച്ചു.

കാലം മായ്ക്കാത്ത മാധുര്യവും അനശ്വരമായ ഭാവവും നിറഞ്ഞ ശബ്ദത്തിന് ഇന്ന് തിരശ്ശീല വീണെങ്കിലും, എസ്. ജാനകിയുടെ ഗാനങ്ങൾ തലമുറകളിലൂടെ എന്നും മുഴങ്ങിക്കൊണ്ടിരിക്കും. ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ് ജാനകിയമ്മയുടെ വിയോഗം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts