the digital signature of the temple city

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഇരുട്ടിലും കുഴികളിലും; അടിയന്തര നടപടി വേണമെന്ന് ഗാന്ധി ദർശന വേദി

കാലങ്ങളായി വെളിച്ചമില്ല, ഇപ്പോൾ കുഴികളും വ്യാപകം; ഗുരുവായൂർ റെയിൽവേ മേൽപ്പാലം അപകടക്കെണിയാകുമ്പോഴും കണ്ണടച്ച് അധികൃതർ.”

ഗുരുവായൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ കിഴക്കൻ പ്രവേശന കവാടമായ റെയിൽവേ മേൽപ്പാലം ഗുരുതരമായ ദുരവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഗാന്ധി ദർശന വേദി ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

മേൽപ്പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന സൂര്യോർജ്ജ സ്ട്രീറ്റ് ലൈറ്റുകൾ കാലങ്ങളായി പ്രവർത്തനരഹിതമായതിനാൽ രാത്രി സമയങ്ങളിൽ പാലം പൂർണമായും ഇരുട്ടിലാകുകയാണ്. ഇടയ്ക്കിടെ പരാതികൾ ഉയരുമ്പോൾ താൽക്കാലികമായി ലൈറ്റുകൾ തെളിയിക്കുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും പ്രവർത്തനരഹിതമാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് സംഘടന ആരോപിച്ചു. കഴിഞ്ഞ നിരവധി മാസങ്ങളായി ലൈറ്റുകൾ ഒട്ടും പ്രവർത്തിക്കുന്നില്ലെന്നും ഇതുമൂലം മേൽപ്പാലത്തിലെ കാൽനടപ്പാതയിലൂടെ രാത്രിയിൽ സഞ്ചരിക്കാൻ ആളുകൾ ഭയപ്പെടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ഇതിനിടെ മേൽപ്പാലത്തിന്റെ പ്രധാന റോഡിൽ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടതും യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികർക്കും സൈക്കിൾ യാത്രക്കാർക്കും ഇരുട്ടും കുഴികളും ചേർന്ന് അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുഴികൾ ഒഴിവാക്കി വാഹനമോടിക്കുന്നതിനിടെ വാഹനയാത്രക്കാർ തമ്മിൽ തർക്കങ്ങളും ഗതാഗത തടസ്സങ്ങളും പതിവാകുന്നതായും സംഘടന വ്യക്തമാക്കി.

മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം നിറയുകയും അപകടസാധ്യത ഇരട്ടിയാകുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി. ആയിരക്കണക്കിന് തീർഥാടകരും നാട്ടുകാരും ദിനംപ്രതി ഉപയോഗിക്കുന്ന ഈ മേൽപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രവർത്തനരഹിതമായ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാനും, റോഡിലെ കുഴികൾ വലുതാകുന്നതിന് മുമ്പ് ശാശ്വതമായ അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുരക്ഷിതമാക്കാനും ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഗാന്ധി ദർശന വേദി ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജയരാജ് ഗുരുവായൂർ, രേണുകാ മേനോൻ, എം. ഗോപിനാഥൻ നായർ, ഇ. ശ്രീദേവി, ടി. ചന്ദ്രശേഖരൻ, പി. ശ്രീനാരായണൻ, സി. കെ. ഡേവിസ്, അഷറഫ് ഇടപ്പുള്ളി എന്നിവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts