ഡോക്ടേഴ്സ് ഡേയിൽ ഗുരുവായൂരിലെ ഡോക്ടർമാരെ ആദരിച്ച് ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടം; സേവനനിരതരായ വൈദ്യർക്കായി ഹൃദയസ്പർശിയായ ആദരം

ഗുരുവായൂർ: ആതുരശുശ്രൂഷാ രംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിച്ച് രോഗികളുടെ ജീവൻ രക്ഷിക്കുന്ന ദേവതുല്യരായ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഹൃദയംഗമമായ ആദരവുമായി ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടം. ഗുരുവായൂർ നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും തട്ടക പ്രദേശത്തെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പത്തോളം ഡോക്ടർമാരെയും ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹവന്ദനം നൽകി ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. കെ. ജ്യോതിരാജ് നിർവഹിച്ചു. ഗുരുവായൂർ നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോ. പ്രത്യുഷയ്ക്ക് സ്നേഹവന്ദനം അർപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി ഡോക്ടേഴ്സ് ഡേ സന്ദേശം നൽകി. മനുഷ്യജീവന്റെ സംരക്ഷണത്തിനായി രാവും പകലും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാർ സമൂഹത്തിന്റെ യഥാർത്ഥ സമ്പത്താണെന്നും, അവരുടെ സേവനങ്ങളെ സമൂഹം എന്നും ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ നഗരസഭ കൗൺസിലർ ചന്ദ്ര രാമകൃഷ്ണൻ, പി. മുരളീധര കൈൾ, കെ. നന്ദകുമാർ, ശശി വാറണാട്ട്, ശ്രീദേവി ബാലൻ, ജിഷോ പുത്തൂർ, ഷൺമുഖൻ തെച്ചിയിൽ, ആന്റോ നീലങ്കാവിൽ, ജീജ പ്രകാശൻ, രഘു മൂത്തേടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരായ ഡോ. ഉണ്ണികൃഷ്ണൻ, ഡോ. പുഷ്കല ശങ്കർ, ഡോ. കൃപ, ഡോ. കൃഷ്ണ, ഡോ. അനൂപ്, ഡോ. ശ്രീഹരി, ഡോ. അൽഫോൺസാ അൽഫി എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയ ഡോക്ടർമാർ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയും, സമൂഹത്തിന്റെ സ്നേഹവും അംഗീകാരവും കൂടുതൽ ആത്മവിശ്വാസത്തോടെ സേവനം തുടരാൻ പ്രചോദനമാകുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഡോക്ടേഴ്സ് ഡേയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരോടുള്ള സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
