കളരിപ്പയറ്റിന്റെയും മർമ്മചികിത്സയുടെയും മഹാഗുരുവിനെ ആദരിച്ച് അനുസ്മരണ സംഗമം; വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ആദരം

ഗുരുവായൂർ: കളരി ആയോധന കലയുടെ ആചാര്യനും കളരി മർമ്മ ചികിത്സാ രംഗത്തെ അതിപ്രശസ്തനുമായിരുന്ന സി. ടി. ലോനപ്പൻ ഗുരുക്കളുടെ നാലാമത് അനുസ്മരണ പരിപാടി ഭക്തിനിർഭരവും ശ്രദ്ധേയവുമായി സംഘടിപ്പിച്ചു. സി. ടി. ലോനപ്പൻ ഗുരുക്കൾ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗുരുക്കളുടെ കലാ-ചികിത്സാ സേവനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിക്കപ്പെട്ടു.
ട്രസ്റ്റ് ചെയർമാൻ കെ. പി. ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ. കെ. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സി. ടി. ലോനപ്പൻ ഗുരുക്കൾ കളരിപ്പയറ്റിനും മർമ്മചികിത്സാ രംഗത്തിനും നൽകിയ സംഭാവനകൾ എന്നും പുതുതലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യോഗ അധ്യാപിക ശ്രീമതി മീന രഘുനാഥ്, വല്ലഭട്ട ഗുരുക്കൾ കൃഷ്ണദാസ് കെ. പി., ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് വിജയി ഷെമീർ ഗുരുക്കൾ എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സി. ടി. ലോനപ്പൻ ഗുരുക്കളുടെ ജീവിത മാതൃകയും കളരി പാരമ്പര്യം സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ സമർപ്പണവും അവർ അനുസ്മരിച്ചു.
ട്രസ്റ്റി അംഗങ്ങളായ പി. ആർ. ഡെന്നി, രാജേന്ദ്രൻ കണ്ണത്ത്, കെ. വാസുദേവൻ നമ്പൂതിരി, പി. ജെ. ആന്റോ, ഗിരീഷ്, ഉണ്ണികൃഷ്ണൻ, വിജയൻ, സണ്ണി, സജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കളരിപ്പയറ്റ് മേഖലയിലെ ഗുരുക്കന്മാരും ശിഷ്യന്മാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഗുരുക്കളുടെ സ്മരണകൾ പങ്കുവെച്ചും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചും സമാപിച്ചു.
