ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി; റെയിൽവേയുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രകൃതി സംരക്ഷണ പാരമ്പര്യവും അനുസ്മരിച്ചു.

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെയും പരിസ്ഥിതി-ആരോഗ്യ ജീവൻ കൂട്ടായ്മയായ ‘ജീവ ഗുരുവായൂർ’ന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഹരിത സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് പ്രശസ്ത നാടക-സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ട്രെയിൻ യാത്രക്കാരായ കണ്ണൂർ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ ഷാജുവിനും ഭാര്യയ്ക്കും രണ്ട് മക്കൾക്കും വിവിധ വൃക്ഷങ്ങളുടെ വിത്തുകൾ കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
കശുവണ്ടി, മാവ്, പ്ലാവ്, പുളി, ഞാവൽ തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകൾ പ്രത്യേകം തയ്യാറാക്കിയ കവറുകളിൽ പൊതിഞ്ഞ് യാത്രികർക്ക് വിതരണം ചെയ്തു. യാത്രക്കിടയിൽ റെയിൽപാതയുടെ ഇരുവശങ്ങളിലുമുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ വിത്തുകൾ വിതറുന്നതിലൂടെ കൂടുതൽ ഹരിതാഭമായ പ്രകൃതി സൃഷ്ടിക്കാമെന്ന സന്ദേശവും ഇതോടൊപ്പം നൽകി.
തുടർന്ന് ട്രെയിനിൽ കയറി യാത്രക്കാരുമായി സംവദിച്ച ശിവജി ഗുരുവായൂർ, വിത്തുവിതരണ പദ്ധതിയുടെ ലക്ഷ്യവും പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ വ്യക്തിക്കും വഹിക്കാനാകുന്ന പങ്കും വിശദീകരിച്ചു. യാത്രക്കാരിൽ നിന്ന് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.പരിസ്ഥിതി സംരക്ഷണരംഗത്ത് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് ‘ജീവ ഗുരുവായൂർ’ റെയിൽവേ സ്റ്റേഷനെ പ്രശസ്തിപത്രം നൽകി ആദരിച്ചു.
ചടങ്ങിൽ ശ്രദ്ധേയമായി പരാമർശിക്കപ്പെട്ട മറ്റൊരു വിഷയമായിരുന്നു റെയിൽവേയുടെ പരിസ്ഥിതി സൗഹൃദ വികസന നയത്തിന്റെ നൂറാം വാർഷികം. 1926-ൽ പ്രകൃതിക്ക് ദോഷകരമായ വികസന പദ്ധതികൾ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന സമീപനം റെയിൽവേ വകുപ്പ് സ്വീകരിച്ചതിന്റെ നൂറാം വർഷമാണ് 2026. 1924-ലെ പ്രകൃതി ദുരന്തത്തിൽ നശിച്ച മൂന്നാർ-കരിന്തിരി റെയിൽപാത പുനർനിർമിക്കാതിരിക്കാൻ 1926-ൽ എടുത്ത തീരുമാനം പ്രകൃതി സംരക്ഷണത്തിന് നൽകിയ പ്രാധാന്യത്തിന്റെ ചരിത്രസാക്ഷ്യമായി ചടങ്ങിൽ അനുസ്മരിച്ചു. കരിന്തിരി മലനിരകൾക്ക് ദോഷം വരുത്തുന്ന രീതിയിലായിരുന്നു പാതയുടെ നിർമ്മാണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ തീരുമാനം.
പരിപാടിയുടെ ഭാഗമായി റെയിൽവേ വകുപ്പ് തയ്യാറാക്കിയ പരിസ്ഥിതി പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് ചൊല്ലി. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു.സ്റ്റേഷൻ മാസ്റ്റർ പി.ജി. നിഷാജ് അധ്യക്ഷത വഹിച്ചു. തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറൽ ഹൈജിനിസ്റ്റുമായ ഡോ. പി.എ. രാധാകൃഷ്ണൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ ആതിര രതീഷ്, നഗരസഭ കൗൺസിലറും ജീവ പ്രസിഡന്റ് കൂടിയായ പ്രിയ രാജേന്ദ്രൻ, ജീവ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ അജിംസ് എം.എ., സന്ധ്യ ഭരതൻ, മുൻ കൗൺസിലർ കെ.പി. എ. റഷീദ്, ജീവ സെക്രട്ടറി കെ.കെ. പ്രതാപൻ, ജീവയുടെ മുതിർന്ന അംഗവും പൊതുപ്രവർത്തകനുമായ പി.ഐ. സൈമൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ജീവയുടെ ഭാരവാഹികളായ എ.കെ. സുലോചന ടീച്ചർ, പി.എ. പീതാംബരൻ, കെ.യു. കാർത്തികേയൻ, എൻ.കെ. ശംസുദ്ദീൻ, മിനി കാർത്തികേയൻ, സാജൻ ആളൂർ, സോമൻ താമരയൂർ, അസ്കർ കൊളമ്പോ, സീന ടീച്ചർ, പി.ആർ.ഒ. ശിവദാസൻ പി. എന്നിവരും മറ്റ് ജീവ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
ജീവ പ്രവർത്തകരും റെയിൽവേ ജീവനക്കാരും ട്രെയിൻ യാത്രക്കാരും പൊതുജനങ്ങളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികളിൽ ഉണ്ടായത്. വിത്തുവിതരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും വഴി പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തിയ ഈ പരിപാടി പരിസ്ഥിതി ദിനാചരണത്തിന് വ്യത്യസ്തമായ മാതൃകയായി മാറി.
