ആദ്യ മന്ത്രിസഭായോഗം തിങ്കളാഴ്ച; മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ചയായ മെയ് 21ന് നടക്കും. നിയമസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗമായ എൻ. ശക്തനെ പ്രോട്ടേം സ്പീക്കറായി നിയമിക്കാനാണ് തീരുമാനം. പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും സ്പീക്കർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്നതും പ്രോട്ടേം സ്പീക്കറായിരിക്കും.
തിങ്കളാഴ്ച ചേരുന്ന പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തിൽ നിയമസഭ വിളിച്ചുചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് കൈമാറും. അതിന് പിന്നാലെ നിയമസഭാ സമ്മേളന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയെയും മുഴുവൻ മന്ത്രിസഭാംഗങ്ങളെയും ഉൾപ്പെടുത്തി സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നടക്കാനാണ് സാധ്യത.
മന്ത്രിസഭാംഗങ്ങളെ ഒറ്റഘട്ടമായി പ്രഖ്യാപിച്ച് ഒരുമിച്ച് സത്യപ്രതിജ്ഞ നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. വകുപ്പുവിഭജനവും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയ്ക്കു മുമ്പായി മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തീരുമാനിക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം.
ഇതിനിടെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലായി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണക്കത്ത് കൈമാറി. വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ വി.ഡി. സതീശനെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. യോഗത്തിൽ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. എഐസിസി നിരീക്ഷകനായ ദീപദാസ് മുൻഷി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഔദ്യോഗികമായി യോഗത്തെ അറിയിച്ചു. തുടർന്ന് സണ്ണി ജോസഫും മറ്റ് മുതിർന്ന നേതാക്കളും വി.ഡി. സതീശനും സംസാരിച്ചു.
പുതിയ സർക്കാരിന്റെ രൂപീകരണത്തോടൊപ്പം നിയമസഭയുടെ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കാനൊരുങ്ങുകയാണ്. പുതിയ ഭരണകൂടത്തിന്റെ ആദ്യ നയപരിപാടികളും മന്ത്രിസഭ രൂപീകരണവും സംബന്ധിച്ച പ്രഖ്യാപനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
