96 വർഷം മുമ്പ് പടിഞ്ഞാറെ കുളത്തിന് സമീപത്തെ ആൽത്തറ ഇടിഞ്ഞു; പഴയ കല്ലുകൾ ഉപയോഗിച്ച് നവീകരിക്കാൻ സാമൂതിരിയുടെ ഉത്തരവ്
ഗുരുവായൂർ:ചരിത്രവും പാരമ്പര്യവും ചേർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ ഓരോ കോണും പഴമയുടെ സാക്ഷ്യപത്രങ്ങളാണ്. ഇന്ന് കിഴക്കെ നടയിലെ മഞ്ജുളാൽ ലോകപ്രശസ്തമായിരിക്കുമ്പോൾ, പടിഞ്ഞാറെ കുളത്തിന് സമീപവും ഒരുകാലത്ത് വലിയ ആൽമരവും വിശാലമായ ആൽത്തറയും ഉണ്ടായിരുന്നുവെന്നതാണ് ക്ഷേത്ര ചരിത്രത്തിലെ കൗതുകകരമായ മറ്റൊരു അധ്യായം.
96 വർഷം മുൻപ്, 1929-ൽ പടിഞ്ഞാറെ കുളത്തിനരികിലെ ആൽത്തറ ഇടിഞ്ഞ് നാശനഷ്ടമുണ്ടായതും, അത് പുനർനിർമിക്കാൻ അന്നത്തെ സാമൂതിരി രാജ പുറപ്പെടുവിച്ച ഉത്തരവും പഴമയുടെ രേഖകളിലൂടെ വെളിച്ചത്താകുന്നു.
1929 ആഗസ്റ്റ് 18-ന് പുറത്തിറക്കിയ കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാന്റെ തിട്ടൂരത്തിൽ, ഗുരുവായൂർ ദേവസ്വം മാനേജരായ കാവശ്ശേരി വീട്ടിൽ മാധവൻ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടികൾ നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ, പടിഞ്ഞാറെ കുളത്തിനരികിലെ ആൽത്തറ കേടുപാടുകൾ സംഭവിച്ചതും അടിയന്തര അറ്റകുറ്റപ്പണി ആവശ്യമാണെന്നും അറിയിച്ചിരുന്നു.
തുടർന്ന് സാമൂതിരിയുടെ ഉത്തരവിൽ, ആൽത്തറ പൊളിച്ച് സിമന്റ് ഉപയോഗിച്ച് നവീകരിക്കാൻ അനുമതി നൽകി. എന്നാൽ, പുതിയ കല്ലുകൾ വാങ്ങുന്നതിന് പകരം, ഇടിഞ്ഞുവീണ ആൽത്തറയിലെ കല്ലുകളും കുളം പണി കഴിഞ്ഞ് ശേഷിച്ച കല്ലുകളും ആദ്യം ഉപയോഗിക്കണമെന്നാണ് നിർദേശം. ആവശ്യമായാൽ മാത്രം പുതിയ കല്ലുകൾ വാങ്ങാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം, സമീപത്തെ കുറുമതിൽ പൂർണമായി പുനർനിർമിക്കുന്നതിനുപകരം താൽക്കാലികമായി മുറികല്ലുകളും കൽപ്പൊടിയും ഉപയോഗിച്ച് കേടായ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി വേലി കെട്ടി സംരക്ഷിക്കാനുമാണ് നിർദേശം. ആക്ഷേപങ്ങളൊന്നും ഇല്ലെങ്കിൽ അടുത്ത വർഷം മതിൽ പണി പൂർണമാക്കാമെന്നും തിട്ടൂരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“പഴയ വസ്തുക്കൾ പുനരുപയോഗിച്ച് ക്ഷേത്ര സംരക്ഷണം” എന്ന ആശയം ഇന്നത്തെ സുസ്ഥിര വികസന ചിന്തകൾക്കു മുൻപേ തന്നെ ഗുരുവായൂരിൽ നടപ്പിലാക്കിയിരുന്നുവെന്നതിന്റെ തെളിവാണ് ഈ രേഖ. ക്ഷേത്ര നവീകരണങ്ങളിലും സംരക്ഷണ പ്രവർത്തനങ്ങളിലും സാമൂതിരിമാരുടെ സൂക്ഷ്മ ഇടപെടലുകളും ചരിത്രബോധവും ഇതിലൂടെ വ്യക്തമാണ്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ഓരോ കല്ലിനും പറയാനുണ്ട് ഒരു ചരിത്രം. പടിഞ്ഞാറെ കുളത്തിനരികിലെ ഈ ആൽത്തറയുടെ കഥയും അതിലൊന്നായി, ക്ഷേത്രത്തിന്റെ പഴമയുടെ മഹത്വം വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.
റിപ്പോർട്ട്: രാമയ്യർ പരമേശ്വരൻ
