ജീവിതം മുഴുവൻ ഗാന്ധിയൻ വഴിയിൽ നടന്ന വലിയപുരയ്ക്കൽ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനവുമായി സാമൂഹ്യ-രാഷ്ട്രീയ രംഗം
ഗുരുവായൂർ: ഗാന്ധിയൻ ആശയങ്ങളെയും മൂല്യങ്ങളെയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മുറുകെപ്പിടിച്ച് സമൂഹത്തിന് മാർഗദീപമായിരുന്ന വലിയപുരയ്ക്കൽ കൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം ചേർന്ന് അനുശോചിച്ചു. പൊതുസമൂഹത്തിനും സാമൂഹിക-സാംസ്കാരിക രംഗങ്ങൾക്കും ഒരുപോലെ പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഗുരുവായൂരിന് തീരാനഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അർബൻ ബാങ്കിൽ വലിയപുരയ്ക്കൽ കൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച അനുശോചന യോഗത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ലാളിത്യവും സത്യനിഷ്ഠയും അഹിംസയും ജീവിതത്തിൽ ആവിഷ്‌കരിച്ച വ്യക്തിത്വമായിരുന്നു വലിയപുരയ്ക്കൽ കൃഷ്ണനെന്ന് അധ്യക്ഷത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജോതിരാജ്, വിവിധ സംഘടനാ പ്രവർത്തകനായ അരവിന്ദൻ പല്ലത്ത്, ഉണ്ണി വാറണാട്ട്, പി.ഐ. സൈമൺ മാസ്റ്റർ, ആർ.വി. ജലീൽ, ഇ.പി. സുരേഷ്, ആർ. രവികുമാർ, കെ.പി. ഉദയൻ, ശശി വാറണാട്ട്, എ.വി. ഉണ്ണികൃഷ്ണൻ, പ്രദീഷ് ഓടാട്ട്, ലിജിത് തരകൻ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വലിയപുരയ്ക്കൽ കൃഷ്ണൻ നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ലാളിത്യജീവിതവും സേവന മനോഭാവവും പ്രസംഗങ്ങളിൽ അനുസ്മരിച്ചു.
ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് വിവിധ കക്ഷി പ്രതിനിധികൾ ഒന്നിച്ചുകൂടി വലിയപുരയ്ക്കൽ കൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചത് അദ്ദേഹത്തോടുള്ള സമൂഹത്തിന്റെ ആദരവും സ്‌നേഹവും വിളിച്ചോതുന്നതായി മാറി.
102 വർഷത്തെ സമ്പന്നമായ ജീവിതയാത്രയിൽ ഗാന്ധിയൻ മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതീകമായി മാറിയ വലിയപുരയ്ക്കൽ കൃഷ്ണന്റെ ഓർമ്മകൾ സമൂഹ മനസാക്ഷിയിൽ എന്നും നിലനിൽക്കുമെന്ന വിലയിരുത്തലോടെയാണ് യോഗം സമാപിച്ചത്.
