മുഖ്യമന്ത്രി ചർച്ചയിൽ നിർണായക വഴിത്തിരിവ്; മുൻ കെപിസിസി അധ്യക്ഷൻമാരെ അടിയന്തരമായി ഡൽഹിക്ക് വിളിച്ചു, ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക്
മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, സംസ്ഥാനത്തെ പൊതുവികാരം നേരിട്ട് മനസിലാക്കാൻ AICCയുടെ പ്രത്യേക രഹസ്യ നിരീക്ഷകർ കേരളത്തിലെത്തുന്നു. മൂന്ന് സീക്രട്ട് ഒബ്സർവേഴ്സിനെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരം വിലയിരുത്തി ഹൈക്കമാൻഡിന് നേരിട്ടുള്ള റിപ്പോർട്ട് സമർപ്പിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം നീണ്ടുനിൽക്കുന്നതിനാൽ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും അസ്വസ്ഥത ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഈ അസാധാരണ നീക്കം നടത്തുന്നത്. സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം, പൊതുജനാഭിപ്രായം, വിവിധ നേതാക്കൾക്കുള്ള സ്വീകാര്യത എന്നിവയെല്ലാം രഹസ്യ റിപ്പോർട്ടിലൂടെ വിലയിരുത്തുമെന്നാണ് വിവരം.
ഇതിനിടെ, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വീണ്ടും ഡൽഹിയിൽ നിർണായക ചർച്ചകൾക്ക് അരങ്ങൊരുങ്ങുകയാണ്. കെപിസിസി മുൻ അധ്യക്ഷൻമാരായ കെ. സുധാകരനും കെ. മുരളീധരനും നാളെ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരുവരോടും ഉടൻ ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധി നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. സുധാകരനെ അന്തിമ തീരുമാനത്തിലേക്ക് ബോധ്യപ്പെടുത്താനാണ് ഈ അടിയന്തര വിളിപ്പിക്കലെന്ന സൂചനകളും ശക്തമാണ്.
ഈ ചർച്ചകൾ വിജയകരമായാൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ പാർട്ടി കേന്ദ്രങ്ങളിൽ നിലനിൽക്കുന്നു. എന്നാൽ തീരുമാനം വൈകുന്നതിൽ നേതാക്കളും അണികളും അസ്വസ്ഥരാണെന്നാണ് വിലയിരുത്തൽ. വിജയത്തിന്റെ രാഷ്ട്രീയ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം മങ്ങിപ്പോകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, മുഴുവൻ മുൻ കെപിസിസി അധ്യക്ഷന്മാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് മുതിർന്ന നേതാക്കളുടെയും മുൻ അധ്യക്ഷന്മാരുടെയും അഭിപ്രായം കൂടി തേടാൻ തീരുമാനമായത്. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോടും ഡൽഹിയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, മുഖ്യമന്ത്രി തർക്കം വിജയത്തിന്റെ ശോഭ കെടുത്തുന്നതാണെന്ന് തുറന്നടിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് പോകില്ലെന്നും തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുന്ന സൂചനകളാണ് പുറത്തുവരുന്നത്.
കേരള രാഷ്ട്രീയത്തിൽ അടുത്ത മണിക്കൂറുകൾ നിർണായകം; ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം കാത്ത് പ്രവർത്തകരും ജനങ്ങളും.
