എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; സണ്ണി ജോസഫും പ്രമുഖ എംഎൽഎമാരും വേണുഗോപാലിന് പിന്തുണ നൽകിയതായി റിപ്പോർട്ട്: ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ കൂടുതൽ സജീവമാകുന്നതിനിടെ, എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുകയാണ്. പ്രമുഖ ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫോട്ടോ സഹിതമുള്ള പട്ടിക പുറത്തുവന്നത്.
പട്ടിക പ്രകാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ ടി സിദ്ദിഖ്, സന്ദീപ് വാര്യർ എന്നിവരുള്പ്പെടെ നിരവധി നേതാക്കൾ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായാണ് സൂചന. ഇതോടൊപ്പം അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി.ഒ. മോഹനൻ, ഉഷ വിജയൻ എന്നിവരും കെ സി വേണുഗോപാലിന് അനുകൂല നിലപാട് രേഖപ്പെടുത്തിയതായി പട്ടികയിൽ വ്യക്തമാകുന്നു.
അതേസമയം, ഐ സി ബാലകൃഷ്ണൻ കെ സി വേണുഗോപാലിനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നതായി ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതും ശ്രദ്ധേയമാണ്. ഇതോടെ കോൺഗ്രസിനകത്തെ മുഖ്യമന്ത്രി ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
വിഷയത്തിൽ പ്രതികരിച്ച സന്ദീപ് വാര്യർ, “അഭിപ്രായം പറയുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ആരെ പിന്തുണക്കുന്നു എന്ന് പരസ്യമായി പറയാനില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്; എംഎൽഎമാരുടെ അഭിപ്രായം തേടിയാണ് തീരുമാനം ഉണ്ടാകുക” എന്ന് പറഞ്ഞു. മാധ്യമങ്ങൾ പലപ്പോഴും വാർത്തകൾ അറ്റവും മൂലയും മുറിച്ചെടുത്ത് നൽകുന്നുണ്ടെന്നും, അതുമൂലം ചിലർക്കു വിഷമം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും കോൺഗ്രസിന് വലിയ കടപ്പാടുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഫ്ലെക്സുകളും പ്രകടനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അത് പരിധി വിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കമാൻഡിന് സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉചിതമായ രീതിയിൽ കൈക്കൊള്ളുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനത്തിനായി കേരള രാഷ്ട്രീയലോകം ഇപ്പോൾ ഡൽഹിയിലേക്കാണ് ഉറ്റുനോക്കുന്നത്.
