പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണ ദിനത്തിൽ നാരായണാലയത്തിൽ പുരസ്‌കാര സമർപ്പണം
ഗുരുവായൂർ : സമൂഹസേവനത്തിലും ആയുർവേദരംഗത്തെ സമർപ്പിത പ്രവർത്തനങ്ങളിലും നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച്, ഈ വർഷത്തെ ‘നിഷ്ക്കാമ കർമ്മയോഗി’ പുരസ്‌കാരം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ഡയറക്ടർ ഡോ. പി.എം. വാര്യർക്ക് നൽകാൻ നിഷ്ക്കാമ കർമ്മയോഗി പരമേശ്വരൻ എമ്പ്രാന്തിരി സ്വാമി അനുസ്മരണ സമിതി തീരുമാനിച്ചു.
പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ സ്മരണാർത്ഥം എല്ലാ വർഷവും സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതാണ് ഈ പുരസ്‌കാരം. സേവനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
10001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. അനുസ്മരണ ദിനമായ ജൂലൈ 2-ന് നാരായണാലയത്തിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടക്കും. ആത്മീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ അനുബന്ധ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഭാരവാഹികളായ സ്വാമി സന്മയാനന്ദ സരസ്വതി, കെ. പി. കരുണാകരൻ, ആലക്കൽ രാധാകൃഷ്ണൻ, ശ്രീകുമാർ പി. നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിഷ്കാമ സേവനത്തിന്റെയും സമൂഹനന്മയ്ക്കായുള്ള സമർപ്പിത പ്രവർത്തനങ്ങളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന അംഗീകാരമായി ഈ പുരസ്‌കാരം മാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
