the digital signature of the temple city

നിയമസഭാ തെരഞ്ഞെടുപ്പ്-2026: ആകാംക്ഷയുടെ അവസാന മണിക്കൂറുകൾ; കേരളം ആര് തൂക്കും, ജനവിധി എന്ത്?

രാഷ്ട്രീയ പോരാട്ടത്തിന്റെ വിധിയെഴുത്ത് നാളെ; രാവിലെ 8 മുതൽ തത്സമയ ഫലപ്രഖ്യാപനങ്ങൾ, ജനവിധിക്കായി കാത്ത് കേരളം; വികസന തുടർച്ചയോ ഭരണ മാറ്റമോ — നിർണായക ദിനത്തിലേക്ക് സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം. ആരാകും അടുത്ത മുഖ്യമന്ത്രി, ഏത് മുന്നണിയാകും അധികാരത്തിലെത്തുക എന്ന ചോദ്യമാണ് കേരളമൊട്ടാകെ ചർച്ചയാകുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായി പ്രവചിച്ചിരിക്കുമ്പോൾ, ജനവിധി തങ്ങൾക്കൊപ്പമാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽഡിഎഫും രംഗത്തുണ്ട്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലായി ഏപ്രിൽ 9-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 30,495 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 883 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ കനത്ത ജനപങ്കാളിത്തമാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതൽ ആവേശകരമായ പോളിംഗാണ് സംസ്ഥാനത്ത് ദൃശ്യമായത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണ പോരാട്ടമാണ് കേരളം കണ്ടത്. ഭരണതുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ് വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ, ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ശക്തമാണെന്നും മാറ്റത്തിനായുള്ള വിധിയുണ്ടാകുമെന്നും യുഡിഎഫ് പ്രചാരണത്തിൽ ആവർത്തിച്ചു. എൻഡിഎയും പല മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യം പ്രകടിപ്പിക്കാൻ ശ്രമിച്ചു.

ഫലപ്രഖ്യാപനത്തിനൊപ്പം പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമ വിശകലകരുടെയും വിദഗ്ധ വിശകലനങ്ങളും പ്രതികരണങ്ങളും സംപ്രേഷണം ചെയ്യും. ഏത് മുന്നണി സർക്കാർ രൂപീകരിക്കും, ആരാകും നിർണായക വിജയികൾ, എവിടെയാകും അപ്രതീക്ഷിത ട്വിസ്റ്റുകൾ—എല്ലാം അറിയാൻ പ്രേക്ഷകർ കാത്തിരിപ്പിലാണ്.

എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. ചില സർവേകൾ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിലയിരുത്തുമ്പോൾ, മറ്റു ചിലത് കടുത്ത പോരാട്ടമാണ് സൂചിപ്പിക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകൾ പലപ്പോഴും യഥാർത്ഥ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ കേരളം നേരത്തെ കണ്ടിട്ടുള്ളതിനാൽ അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.

കേരളത്തോടൊപ്പം അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. അസമിലും തമിഴ്നാട്ടിലും ഭരണകക്ഷികൾക്ക് തുടർഭരണം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

കേരളത്തിൽ ആര് അധികാരത്തിലെത്തും, ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യങ്ങൾക്ക് ഇനി മണിക്കൂറുകൾക്കുള്ളിൽ ഉത്തരമറിയാം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ജനവിധി സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണദിശ നിർണയിക്കും.

LIVE BLOG

വോട്ടെണ്ണലിന് എല്ലാം സജ്ജം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ

ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ നാളെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണം. ആകെ വോട്ടിംഗ് ശതമാനം 79.70 ആണെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു

തൊണ്ണൂറിലധികം സീറ്റ് നേടി UDF അധികാരത്തിലെത്തും’: മാത്യു കുഴൽനാടൻ

തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ ട്വന്റിഫോറിനോട്. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.

ഭരണ തുടർച്ച ഉണ്ടാകും: എക്സിറ്റ് പോളുകൾ നിരീക്ഷണം മാത്രം’:ഇ പി ജയരാജൻ

ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ആ നിഗമനങ്ങൾ ശരിയാണ് എന്ന് പറയാൻ സാധിക്കില്ല. കോൺഗ്രസിന്റെ കൈവശം ഭരണം വന്നാൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും. എത്ര സീറ്റ് ലഭിക്കുമെന്ന് ഒരു കണക്ക് പറയാൻ സാധിക്കില്ല. പക്ഷേ ഭൂരിപക്ഷത്തിലേക്ക് വരാനുള്ള പൊതു സാഹചര്യമുണ്ട്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ല എന്നായിരുന്നു എക്സിറ്റ് പോളുകൾ, പക്ഷേ മറിച്ചാണ് സംഭവിച്ചത്. പശ്ചിമ ബംഗാളിൽ സിപിഐഎം വലിയ പ്രതീക്ഷ വച്ച് പുലർത്തുന്നില്ല. ബംഗാളിൽ മമത ബാനർജി തന്നെ വരുമെന്നും ഇപി ജയരാജൻ പറഞ്ഞു.

നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്

നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്. ആരെ വേണമെങ്കിലും സിപിഐഎമ്മിന് മുഖ്യമന്ത്രിയാക്കാം. കോൺഗ്രസ് പാർട്ടിയിൽ എഐസിസിസി തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുംമുൻപേ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്

തിരഞ്ഞെടുപ്പ് ഫലം വരുംമുൻപേ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്.  മുഖ്യമന്ത്രി വിഷയത്തിൽ ഘടക കക്ഷികളുടെ അഭിപ്രായം തേടി. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി

കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ഉറപ്പെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിലെ 5 മണ്ഡലങ്ങളും യുഡിഎഫ് ജയിക്കാനുള്ള സാധ്യത ഇല്ല. കാരണം തൊടുപ്പുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ഉറപ്പായും വിജയിക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അതിന്ശേഷമാണ് 10 വർഷം കൊണ്ട് ആ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾ താൻ നടത്തിയിരിക്കുന്നത് എം എം മണി പറഞ്ഞു.

LDF തുടരും, ഭരണ വിരുദ്ധ വികാരം ഇല്ല’: എകെ ശശീന്ദ്രൻ

LDF തുടരുമെന്ന് ഉറപ്പാണെന്ന് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട്. 10 വർഷം പൂർത്തിയാകുമ്പോൾ ഭരണ വിരുദ്ധ വികാരം ഇല്ല. നല്ല ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല’; മാർച്ച്‌ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല മാർച്ച്‌ 16 ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് പുതിയ ബയോ. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന സ്ഥാനം ഫേസ്ബുക്കിൽ നിന്ന് ഇന്ന് മാറ്റി എന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts