the digital signature of the temple city

കുടുംബബന്ധങ്ങളുടെ കരുത്തിൽ ഒരു സ്നേഹോത്സവം; ഗുരുവായൂരിൽ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബസംഗമം നാളെ

സാംസ്‌കാരിക-ആത്മീയ സേവനങ്ങൾക്ക് കരുത്തേകിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് ആദരം; മെയ് 1ന് രുഗ്മണി റീജൻസിയിൽ വിപുലമായ പരിപാടികൾ

ഗുരുവായൂർ: കാൽനൂറ്റാണ്ടോളമായി ഗുരുവായൂരിന്റെ സാമൂഹിക-ആത്മീയ-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ വാർഷിക കുടുംബസംഗമവും സമാദരണ സമ്മേളനവും മെയ് 1-ന് ഗുരുവായൂരിലെ രുഗ്മണി റീജൻസിയിൽ ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു.

ചിങ്ങ മഹോത്സവം, പിതൃസ്മൃതി ആചരണം, കുചേല ദിനാഘോഷം, കർക്കിടക നാട്ടറിവുകൾ, പാരായണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ-സാംസ്‌കാരിക പരിപാടികളിലൂടെ ഗുരുവായൂർ ക്ഷേത്രവുമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയുടെ ഈ വർഷത്തെ സംഗമം കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും അംഗങ്ങൾക്കിടയിലെ സൗഹൃദം പുതുക്കുന്നതിനും വേദിയാകുന്നു.

ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കുടുംബാംഗങ്ങൾക്കായി വിനോദ-വിജ്ഞാന മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, കുട്ടികളുടെയും വനിതകളുടെയും പ്രത്യേക അവതരണങ്ങൾ എന്നിവ നടക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സമാദരണ സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയായിരിക്കും.

ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നിർവഹിക്കും. പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ, വനിതാ വിഭാഗം സാരഥി നിർമ്മല നായകത്ത് എന്നിവർ ആശംസാപ്രഭാഷണങ്ങൾ നടത്തും. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷത വഹിക്കും.

സമാദരണ സദസ്സിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കും. ഭക്തജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശിക ഭക്തർക്കായി സമയബന്ധിത പ്രവേശന സംവിധാനം നടപ്പിലാക്കിയ മുൻ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, മമ്മിയൂർ ക്ഷേത്രത്തിന്റെ വികസനത്തിന് നേതൃത്വം നൽകി നാലാം തവണയും ചെയർമാനായ ജി.കെ. പ്രകാശൻ, ആത്മീയ-ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി രാജ്യാന്തര ബഹുമതികൾ നേടിയ മൗനയോഗി ഹരിനാരായണ സ്വാമി എന്നിവരെ ആദരിക്കും.

ഇതിനൊപ്പം മാധ്യമരംഗത്ത് ഗുരുവായൂരിന്റെ ചരിത്രവും സമകാലീന വിഷയങ്ങളും സമന്വയിപ്പിച്ച് ശ്രദ്ധേയ സംഭാവനകൾ നൽകിയ മാധ്യമപ്രവർത്തകരായ വി.പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവരും സംസ്ഥാന പി.ടി.എ മികച്ച മാതൃകാ അധ്യാപിക പുരസ്കാരം നേടിയ കൂട്ടായ്മ കുടുംബാംഗം ജയശ്രീ രവികുമാർയും സമാദരിക്കപ്പെടും. തുടർന്ന് കുടുംബാംഗ പ്രതിഭാ അനുമോദനം, തിരുവാതിരകളി, കലാപരിപാടികൾ, സ്നേഹസമ്മാന വിതരണം, സ്നേഹവിരുന്ന് എന്നിവയോടെ വൈകിട്ട് 7 മണിക്ക് കുടുംബസംഗമത്തിന് സമാപനം കുറിക്കും.

ഗുരുവായൂരിന്റെ ആത്മീയ-സാംസ്‌കാരിക പൈതൃകവുമായി ചേർന്ന് കുടുംബബന്ധങ്ങളുടെ മാധുര്യം പങ്കിടുന്ന ഈ സംഗമം, കൂട്ടായ്മയുടെ സ്നേഹബന്ധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മറ്റൊരു മനോഹര അധ്യായമാകുമെന്ന് സംഘാടകർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts