രാജാന്തര ബഹുമതികളുടെ നിറവോടെ തിരുവെങ്കിടം ദേശ കൂട്ടായ്മയുടെ പ്രൗഢ പൗരസീകരണം
തിരുവെങ്കിടം: കേരളത്തിന്റെ വാദ്യലോകത്ത് അനന്യപ്രതിഭയായി വിലയിരുത്തപ്പെടുന്ന വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് തിരുവെങ്കിടം ദേശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവ്യമായ സ്നേഹാദരവ് നൽകി. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവനാളുകളുമായി അവിഭാജ്യബന്ധം പുലർത്തി കഴിഞ്ഞ 49 വർഷങ്ങളായി മുടക്കമില്ലാതെ തായമ്പക അവതരിപ്പിച്ച അദ്ദേഹത്തിന്റെ സമർപ്പണത്തിനും കലാപ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഈ പൗരസീകരണം സംഘടിപ്പിച്ചത്.
“തിരുവെങ്കിടം തട്ടകവും ഗുരുവായൂർ ദേശവും തന്റെ കലാജീവിതത്തിന്റെ പ്രചോദന കേന്ദ്രങ്ങളാണ്” എന്ന ആത്മാർഥമായ വാക്കുകൾ ആവർത്തിച്ച് പറഞ്ഞ മട്ടന്നൂർ, എല്ലാ തിരക്കുകളും മാറ്റിവെച്ച് വർഷംതോറും ക്ഷേത്രത്തിലെത്തി തായമ്പക അവതരിപ്പിക്കുന്ന പതിവ് തുടരുന്നതായും പറഞ്ഞു. അമ്പതാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുന്ന ഈ കലായാത്രയുടെ സന്തോഷവേളയിൽ, ദേശത്തിന്റെ സ്നേഹാദരവ് അദ്ദേഹത്തിന് പ്രത്യേകമായ ആത്മതൃപ്തി നൽകി.

അടുത്തിടെ അമേരിക്കയിലെ ടെക്സാസിൽ ആസ്റ്റിൻ നഗര മേയർ നൽകുന്ന അന്താരാഷ്ട്ര ബഹുമതി ഏറ്റുവാങ്ങുകയും, തമിഴ്നാട്ടിലെ മൈലാപൂരിൽ നടന്ന അന്തർദേശീയ കലാകാര പ്രതിഭാ സംഗമത്തിൽ പ്രശസ്ത നർത്തകി പത്മവിഭൂഷൺ പത്മ സുബ്രഹ്മണ്യവുമായി ചേർന്ന് വിശ്വ പുരസ്‌കാരം കൈപ്പറ്റുകയും ചെയ്ത ശേഷമാണ് മട്ടന്നൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ എത്തിയത്. ഈ നേട്ടങ്ങളോടൊപ്പം തന്നെ തന്റെ മക്കളായ വാദ്യപ്രതിഭകളുമായി തായമ്പക അവതരിപ്പിക്കാൻ എത്തിയതും ചടങ്ങിന് കൂടുതൽ മഹിമ നൽകി.
ക്ഷേത്ര ഗോപുര തിരുമുറ്റത്ത് വെങ്കിടേശ്വരന്റെ സന്നിധിയിൽ നടന്ന സമാദരണ സമ്മേളനത്തിൽ ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ചന്ദ്രൻ ചങ്കത്ത്, പൗരപ്രതിനിധി വിജയകുമാർ തെക്കൂട്ട് എന്നിവർ ചേർന്ന് വെങ്കിടേശ്വരന്റെയും തിരുവെങ്കിടത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഒരു പവൻ തൂക്കം വരുന്ന വെള്ളി ലോക്കറ്റും മറ്റ് ഉപഹാരങ്ങളും സമർപ്പിച്ചു.
വിവിധ വാദ്യസംഘടനകളുടെ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സേതു തിരുവെങ്കിടം, രാജു കലാനിലയം, ശശി വാറണാട്ട്, രാജു പെരുവഴിക്കാട്ട്, ഹരി കൂടത്തിങ്കൽ, ഉണ്ണികൃഷ്ണൻ ആലക്കൽ, സി.വി. സന്തോഷ് കുമാർ, മാനേജർ പി. രാഘവൻ നായർ, വി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ടെക്സാസിലും തമിഴ്നാട്ടിലും ലഭിച്ച സ്നേഹാനുഭവങ്ങൾ മട്ടന്നൂർ തന്റെ മറുപടി പ്രസംഗത്തിൽ പങ്കുവെച്ചു.
കോട്ടപ്പടി സന്തോഷ് കുമാർ, വിനോദ് കുമാർ അകമ്പടി, മുരളി പൈക്കാട്ട്, വിജയകുമാർ അകമ്പടി, നന്ദൻ ചങ്കത്ത്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, വിഷ്ണു ശശി, മോഹൻ വടക്കൂട്ട്, ഷൺമുഖൻ തെച്ചിയിൽ, കെ.എം.കെ നായർ, സി. സജീഷ്, വി. ഹരിദാസ്, പ്രഭാകരൻ മൂത്തേടത്ത്, രമ്യ തെക്കൂട്ട്, മഞ്ജു രവീന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അമ്പതാം വർഷത്തിലേക്ക് കടക്കുന്ന തായമ്പകയുടെ മഹോത്സവത്തെ വരവേൽക്കാൻ തിരുവെങ്കിടം തട്ടകം ഒരുങ്ങുമ്പോൾ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാറിന്റെ സംഗീതയാത്രക്ക് പുതിയ ഉയരങ്ങൾ പ്രതീക്ഷിച്ച് ഭക്തജനങ്ങളും കലാസ്നേഹികളും ആവേശത്തോടെ കാത്തിരിക്കുന്നു.



