തൃശൂർ പൂരത്തിന്റെ ആവേശത്തിന് പിന്നാലെ ഭക്തിയുടെ നിശ്ശബ്ദ സാന്നിധ്യം; ഗുരുവായൂരിൽ തുമ്പി ഉയർത്തി ദൈവദർശനം നടത്തി ബ്രഹ്മദത്തൻ

ഗുരുവായൂർ: പതിവ് തെറ്റിക്കാതെ, തൃശൂർ പൂരം ആഘോഷങ്ങളുടെ ആവേശം പിന്നിട്ട് ഭക്തിസാന്ദ്രമായ ഒരു ദർശനത്തിനായി പല്ലാട്ട് ബ്രഹ്മദത്തൻ ഇത്തവണയും ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തി. വർഷങ്ങളായി തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന് വേണ്ടി എഴുന്നള്ളിക്കുന്ന ഈ ആന, പൂരം കഴിഞ്ഞാൽ നേരെ ഗുരുവായൂരിലേക്ക് എത്തി ഭഗവാനെ തൊഴുന്നത് പതിവാണ്.
ഈ വർഷവും അതേ അനുഷ്ഠാന ശുദ്ധിയോടെ ബ്രഹ്മദത്തൻ ഗുരുവായൂരപ്പനെ വണങ്ങാൻ എത്തിയപ്പോൾ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി മാറി. ഭഗവാനെ സമർപ്പിക്കാൻ പാൽപ്പായസം, കദളിപ്പഴം, വെണ്ണ, പഞ്ചസാര, കളഭം എന്നിവ ശീട്ടാക്കി ഒരുക്കിയിരുന്നു.
കിഴക്കെ നടയിൽ ഗോപുരത്തിനു പുറത്തുനിന്ന് തുമ്പി ഉയർത്തി ചിന്നം വിളിച്ച്, ആന ഗുരുവായൂരപ്പനെ ഭക്തിപൂർവ്വം വണങ്ങി. ഈ ദൃശ്യങ്ങൾ കാണാൻ ഭക്തജനങ്ങൾ വലിയ തോതിൽ എത്തിച്ചേർന്നു. ആനയുടെ ഭക്തിനിറഞ്ഞ സാന്നിധ്യം ഭക്തരിൽ പ്രത്യേക ആത്മീയാനുഭവം പകർന്നു.
ഒന്നാം പാപ്പാൻ ശരത് ടി.എസ്, രണ്ടാം പാപ്പാൻ വിശാൽ കുമാർ എ, മനു വി.എച്ച്, ബൈജു കെ.പി എന്നിവരും ആനയോടൊപ്പമുണ്ടായിരുന്നു. ആനയുടെ ഉടമ പല്ലാട്ട് അനന്തകൃഷ്ണനും, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി ഉദയനും സന്നിഹിതരായി.
പൂരത്തിന്റെ ആഘോഷചൂടിൽ നിന്ന് ഭക്തിയുടെ ശാന്തതയിലേക്ക് മാറുന്ന ഈ പതിവ്, കേരളത്തിന്റെ ആനസാംസ്കാരിക പൈതൃകത്തിന്റെയും ഗുരുവായൂരപ്പനോടുള്ള അനന്തമായ ഭക്തിയുടെയും തെളിവായി മാറുന്നു.


