കുരുവംശത്തിലെ പിന്‍മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെ തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ തന്റെ പിതാവിന്റെ മരണത്തിനുകാരനായ സർപ്പവംശത്തെ മുഴുവൻ നശിപ്പിക്കാൻ “സർപ്പസത്രം” എന്ന ഉഗ്രയാഗം നടത്തി. ഇതിൽ നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ നശിച്ചു. എന്നാൽ അമൃതം പാനം ചെയ്തതിനാൽ തക്ഷകൻ മാത്രം മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇതിനാൽ ജനമേജയന് ഭീകരമായ സർപ്പശാപം ബാധിക്കുകയും അദ്ദേഹം കുഷ്ഠരോഗം പിടിപെടുകയും ചെയ്തു. രോഗശാന്തിക്കായി നിരവധി മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഇങ്ങനെ ശരീരത്താലും മനസ്സാലും ഏറെ ക്ഷീണിച്ചിരുന്ന ജനമേജയന്റെ മുമ്പിൽ ജരൽകാരു (ജരത്കാരു) പ്രത്യക്ഷപ്പെട്ടു. രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. തുടർന്ന് ആ പ്രതിഷ്ഠയുടെ മഹിമയും അദ്ദേഹം ജനമേജയന് വിശദീകരിച്ചു.


