പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട് കോട്ടമൈതാനത്ത് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങളെയും പ്രവർത്തകരെയും സമ്മേളന വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. എൻഡിഎയുടെ ദേശീയ-സംസ്ഥാന നേതാക്കൾക്കൊപ്പം പാലക്കാട് ജില്ലയിലെ സ്ഥാനാർത്ഥികളും വേദിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും.
ഉച്ചയ്ക്ക് 12.30 ഓടെ പാലക്കാട് മെഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ മാർഗം വന്നിറങ്ങുന്ന പ്രധാനമന്ത്രി, തുടർന്ന് കാർ മാർഗം മിഷൻ സ്കൂൾ ജംഗ്ഷൻ, ഇസാഫ് ചർച്ച് റോഡ്, എസ്ബിഐ ജംഗ്ഷൻ വഴി കോട്ടമൈതാനത്തേക്ക് എത്തും. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അണിനിരക്കുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്യും. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗം തൃശൂർ ജില്ലയിലെ കുന്നംകുളത്തേക്കാകും പ്രധാനമന്ത്രിയുടെ യാത്ര.
വൈകിട്ട് നാല് മണിയോടെ വടക്കാഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്ത് പ്രധാനമന്ത്രി എത്തും. കുന്നംകുളത്ത് ഹെലികോപ്റ്റർ ഇറങ്ങുന്ന നരേന്ദ്ര മോദി, അവിടെ നടക്കുന്ന റോഡ് ഷോ മാതൃകയിലുള്ള പരിപാടിയിൽ പങ്കെടുക്കും. തൃശൂർ ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും. വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പ്രകടനം വടക്കാഞ്ചേരിയിൽ സമാപിക്കും. തൃശൂരിലെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കിയ ശേഷം കുന്നംകുളത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.


