സീറ്റ് നിഷേധത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവം; സ്വതന്ത്ര സ്ഥാനാർഥിത്വ നിർദേശവും ചർച്ചയിൽ
മലപ്പുറം: വള്ളിക്കുന്ന് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ പരിഗണിച്ച് എൽഡിഎഫ് നീക്കം നടത്തിയെന്ന രാഷ്ട്രീയവാർത്തകൾ മണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ഇടതുമുന്നണി നേതാക്കൾ നേരിട്ട് ബന്ധപ്പെട്ട് മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചതായി ഷാഫി ചാലിയം സ്ഥിരീകരിച്ചതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു.
വള്ളിക്കുന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായോ എൽഡിഎഫ് പിന്തുണയോടെയോ മത്സരിക്കണമെന്ന നിർദേശമാണ് ഐഎൻഎൽ മുഖേന ഷാഫി ചാലിയത്തിന് മുന്നിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മുസ്ലിം ലീഗ് സ്ഥാനാർഥിപ്പട്ടികയിൽ തന്നെ ഉൾപ്പെടുത്താതിരുന്നതിന് പിന്നാലെയാണ് ഇടതുമുന്നണി നേതൃത്വം ബന്ധപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയം, പാർട്ടി വിടുകയോ രാഷ്ട്രീയ നിലപാട് മാറ്റുകയോ ചെയ്യുന്ന കാര്യം ആലോചനയിലില്ലെന്ന് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ തീരുമാനങ്ങളെ മാനിക്കുന്നുവെങ്കിലും വള്ളിക്കുന്ന് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുസ്ലിം ലീഗ് മുൻകൂട്ടി വള്ളിക്കുന്ന് മണ്ഡലത്തിൽ ഷാഫി ചാലിയത്തെ പരിഗണിച്ചിരുന്നുവെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും അവസാനം സിറ്റിംഗ് എംഎൽഎ ടി.വി. ഇബ്രാഹിമിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കുകയായിരുന്നു. ഈ തീരുമാനത്തിൽ ഉണ്ടായ അതൃപ്തി പ്രാദേശിക തലത്തിൽ ചില വിഭാഗങ്ങളിൽ പ്രകടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം, മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രഖ്യാപനം മികച്ചതാണെന്ന് ഷാഫി ചാലിയം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പരിണിതപ്രജ്ഞരായ നേതാക്കളെയും യുവജനങ്ങളെയും വിദ്യാർഥി നേതാക്കളെയും വനിതകളെയും ഉൾപ്പെടുത്തിയ സ്ഥാനാർഥിപ്പട്ടിക പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇനി തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള കഠിന പ്രചാരണദിനങ്ങളാണ് മുന്നിലുള്ളതെന്നും പാർട്ടി സ്ഥാനാർഥികളായ എല്ലാവർക്കും അഭിനന്ദനങ്ങളും വിജയാശംസകളും നേർന്നും ഷാഫി ചാലിയം കുറിച്ചു. രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടെ വള്ളിക്കുന്ന് മണ്ഡലത്തിലെ തുടർനീക്കങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമാകാനിടയുണ്ട്.


