പഞ്ചലോഹ തിടമ്പുമായി ഭഗവാന്റെ ഭംഗിയാർന്ന എഴുന്നള്ളിപ്പ് – പഞ്ചവാദ്യം, മേളം, നാമജപം നിറഞ്ഞ ഗ്രാമപ്രദക്ഷിണത്തിന് ശേഷം രുദ്രതീർത്ഥത്തിൽ ആറാട്ട്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ സമാപനച്ചടങ്ങായ ആറാട്ട് ഭക്തിസാന്ദ്രമായി നടന്നു. ഭഗവാൻ ആറാടിയ രുദ്രതീർത്ഥകുളത്തിൽ മുങ്ങി ആയിരക്കണക്കിന് ഭക്തർ ആത്മസായൂജ്യം നേടി. വൈകീട്ട് നാലുമണിയോടെ ശ്രീലകത്തിൽ നിന്ന് മൂലവിഗ്രഹത്തിലെ ചൈതന്യം ആവാഹിച്ചെടുത്ത നൂറ്റാണ്ടുകളുടെ പഴക്കമുള്ള പഞ്ചലോഹവിഗ്രഹം ഭംഗിയാർന്ന എഴുന്നള്ളിപ്പോടെ പുറത്തേക്ക് കൊണ്ടുവന്നു സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ പ്രതിഷ്ഠിച്ചു. വർഷത്തിൽ ഒരിക്കൽ മാത്രം, ആറാട്ടുനാളിലാണ് ചൈതന്യതേജസ്സുറ്റ ഈ പഞ്ചലോഹ തിടമ്പ് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നത്.

തുടർന്ന് കൊടിമരചുവട്ടിൽ ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ദീപാരാധന നടത്തി. ദീപാരാധന തൊഴാൻ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. ദീപാരാധനയ്ക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനും ആറാട്ടിനുമായി ഭഗവാൻ പുറത്തേക്ക് എഴുന്നള്ളി.
ഗുരുവായൂർ ആനതറവാട്ടിലെ കൊമ്പൻ ദാമോദർദാസ് ഭഗവാന്റെ പഞ്ചലോഹ തിടമ്പോടുകൂടിയ സ്വർണ്ണക്കോലം ഏറ്റി നടന്നു. പറ്റാനകളായി രവീകൃഷ്ണൻ, ഗോപികൃഷ്ണൻ, സിദ്ധാർത്ഥൻ, അക്ഷയ്‌കൃഷ്ണ എന്നിവർ ഇടംവലമായി അണിനിരന്നു. വാളും പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരന്മാരുടെ അകമ്പടിയോടെയും ചോറ്റാനിക്കര വിജയൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ, കുനിശ്ശേരി അനിയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ തിമർപ്പോടെയും ഭഗവാന്റെ എഴുന്നള്ളിപ്പ് ആരംഭിച്ചു.

നിറപറയും നിലവിളക്കും വെച്ച് ക്ഷേത്രനഗരി ശ്രീഗുരുവായൂരപ്പനെ ഭക്തിപൂർവ്വം എതിരേറ്റു. ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്കുള്ള ഗ്രാമപ്രദക്ഷിണത്തിന് ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഗോപുരം, വൃക്ഷം, പെരുവഴി എന്നിവ അഷ്ടദിക് പാലകരെ അനുസ്മരിച്ചുകൊണ്ടുള്ള സ്മരണകളാണ്. വടക്കേനടയിൽ എത്തുമ്പോൾ വാദ്യവും ആഹ്ലാദവും ഒരു നിമിഷം നിലച്ചു. പണ്ടുകാലത്ത് ആറാട്ട് ചാട്ടുകുളത്തിൽ വെച്ചായിരുന്നു നടന്നിരുന്നത്. അന്ന് ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ കൊല്ലപ്പെട്ടത് ആ സ്ഥലത്തുവെച്ചാണ്. കണ്ടിയൂർ പട്ടത്തെ വീട്ടിലെ പ്രതിനിധി എത്തി സങ്കടമില്ലെന്ന് അറിയിച്ചതോടെ എഴുന്നള്ളിപ്പ് വീണ്ടും മുന്നോട്ട് നീങ്ങി.

തുടർന്ന് പഞ്ചവാദ്യം അവസാനിച്ച് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, ചൊവ്വല്ലൂർ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ മേളത്തോടുകൂടിയ ഭഗവാന്റെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ക്ഷേത്രകുളം പ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാൻ ആറാട്ട് കടവിലെത്തി.തുടർന്ന് വിഗ്രഹത്തിൽ മഞ്ഞൾപൊടിയും ഇളനീരും കൊണ്ട് അഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പാപനാശിനീ സൂക്തം ജപിച്ച് ഭഗവാന്റെ പഞ്ചലോഹ തിടമ്പ് മാറോട് ചേർത്ത് പിടിച്ച് രുദ്രതീർത്ഥകുളത്തിൽ ഇറങ്ങി സ്‌നാനം നടത്തി. തുടർന്ന് ഓതിക്കന്മാരും കീഴ്ശാന്തിമാരും സ്നാനം നടത്തി.

ഇതോടെ ഭഗവാന്റെ ആറാട്ട് പൂർത്തിയായി. തുടർന്ന് ആയിരക്കണക്കിന് ഭക്തർ കുളത്തിലിറങ്ങി ആറാട്ട് കുളി നടത്തി ആത്മസായൂജ്യം നേടി.ശേഷം ഭഗവാന്റെ പഞ്ചലോഹ തിടമ്പ് പിടിയാന ദേവിയുടെ പുറത്തേറി 11 ഓട്ടപ്രദക്ഷിണം നടത്തി. നാമജപം മുഴക്കിയ ഭക്തജനങ്ങൾ ഭഗവാനെ പിന്തുടർന്ന് ഓടിയെത്തിയത് ഭക്തിസാന്ദ്ര കാഴ്ചയായി.

തുടർന്ന് കൊടിമരചുവട്ടിലെ പൂജകൾക്ക് ശേഷം തന്ത്രി സ്വർണ്ണകൊടിമരത്തിൽ നിന്ന് സപ്തവർണ്ണ കൊടി ഇറക്കി. തുടർന്ന് ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് പഞ്ചലോഹ തിടമ്പിലെ ചൈതന്യം ശ്രീലകത്തെ മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു.ഇതോടെ ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം കുറിച്ചു.



