the digital signature of the temple city

ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം

പഴമയുടെ പെരുമയിൽ മറഞ്ഞിരുന്ന അപൂർവ വിവരങ്ങൾ : “വലിയ പത്മനാഭൻ ചെരിഞ്ഞതോടെ ആനകൾക്കായി മനകളിലേക്കും കോവിലകങ്ങളിലേക്കും കത്തയച്ച ദേവസ്വം

- Advertisement - Guruvayoor image
1000561982

ഹൈലൈറ്റ്
1928-ലെ ഗുരുവായൂർ ഉത്സവത്തിലെ പ്രധാന വിവരങ്ങൾ
ഉത്സവ എസ്റ്റിമേറ്റ് : 2975 രൂപ
നെല്ല് : 1700 പറ
രണ്ടാം വിളക്ക് : മല്ലിശ്ശേരി മന
ആറാം വിളക്ക് : പുന്നത്തൂർ കോവിലകം
ആനകളെ തേടി കത്തയച്ചത് : കോതച്ചിറ മന, ഉള്ളനാട്ട് പണിക്കർ

ഗുരുവായൂർ: പൗരാണികതയും ഭക്തിസാന്ദ്രമായ ആചാരങ്ങളും ചേർന്ന ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ഭക്തജനങ്ങൾക്ക് അപൂർവ ആത്മീയാനുഭവമായി മാറുമ്പോൾ, നൂറു വർഷം പഴക്കമുള്ള രേഖകൾ ഈ ഉത്സവത്തിന്റെ ചരിത്രഗൗരവം തെളിയിക്കുന്നു. ഗുരുവായൂരപ്പന്റെ ഉത്സവാഘോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സാമൂതിരി കാലത്തെ രേഖകളിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കുംഭമാസത്തിലെ ഈ വർഷത്തെ ഉത്സവം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗുരുപവനപുരം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ്. വ്യാഴാഴ്ച ആറാം വിളക്ക് ദിനത്തിൽ സ്വർണ്ണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്ന ദൃശ്യം കാണാൻ ആയിരക്കണക്കിന് ഭക്തർ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. സ്വർണ്ണക്കോലവും, കുത്തുവിളക്കും, കൊമ്പും, കുഴലും ഉൾപ്പെടെയുള്ള ഉത്സവ അലങ്കാരങ്ങൾ സ്വർണ്ണപ്രഭയോടെ ദർശനമനുഗ്രഹമാകുന്ന അപൂർവ മുഹൂർത്തങ്ങളാണ്.

1928-ലെ ഉത്സവ എസ്റ്റിമേറ്റ്: 2975 രൂപയും 1700 പറ നെല്ലും

1928 ജനുവരി 7-ന് ദേവസ്വം മാനേജർ സാമൂതിരി കോവിലകത്തേക്ക് അയച്ച റിപ്പോർട്ടിൽ ഗുരുവായൂർ ഉത്സവത്തിന്റെ ചെലവുകളും ഒരുക്കങ്ങളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കണക്കുകൾ പ്രകാരം ഉത്സവത്തിന് 2975 രൂപയും 1700 പറ നെല്ലും ആവശ്യമായി വരുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഉത്സവച്ചിലവ് 2700 രൂപയും 1700 പറ നെല്ലുമായിരുന്നു. എന്നാൽ വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില വർധിച്ചതിനാൽ ഈ വർഷത്തെ ചെലവ് കൂടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വലിയ പത്മനാഭൻ ചെരിഞ്ഞതോടെ ആനപ്രശ്നം

അന്നത്തെ രേഖകളിൽ ഏറെ കൗതുകകരമായ മറ്റൊരു വിവരമാണ് ഉത്സവത്തിനായി ആനകളെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ. ഗുരുവായൂരിലെ പ്രസിദ്ധ ആനയായ വലിയ പത്മനാഭൻ ചത്തുപോയതോടെ എഴുന്നള്ളിപ്പിന് ആനകളില്ലാത്ത അവസ്ഥ ഉണ്ടായി.അന്ന് ഗുരുവായൂരിൽ ഏക്കം കൊടുത്ത് ആനകളെ കൊണ്ടുവരുന്ന പതിവില്ലായിരുന്നു. അതുകൊണ്ട് വലിയ ആനകളെ കണ്ടെത്തുന്നത് വലിയ പ്രയാസമായി.ഈ സാഹചര്യത്തിൽ ദേവസ്വം മാനേജർ പുന്നത്തൂർ കോവിലകം, ഉള്ളനാട്ട് പണിക്കർ, കോതച്ചിറ മന എന്നിവിടങ്ങളിലേക്ക് കത്തയച്ചു. അവിടങ്ങളിൽ ഉണ്ടായിരുന്ന നാല് വലിയ ആനകളെ ഉത്സവത്തിനായി അയച്ചുതരുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ അയച്ചതെന്ന് രേഖയിൽ പറയുന്നു. ആനകളോടൊപ്പം വരുന്ന ആനക്കാരുടെ ശമ്പളവും, ആനകൾക്ക് പട്ടവെട്ടിക്കുന്ന ചെലവും ഉൾപ്പെടുത്തി ഉത്സവ എസ്റ്റിമേറ്റിൽ അധിക സംഖ്യ ചേർത്തതായും രേഖയിൽ വ്യക്തമാക്കുന്നു.

രണ്ടാം വിളക്ക് മല്ലിശ്ശേരി മനവക

ഉത്സവത്തിന്റെ മറ്റൊരു ശ്രദ്ധേയമായ പാരമ്പര്യം വിളക്ക് ദിനങ്ങളുമായി ബന്ധപ്പെട്ടതാണ്. കൊടിയേറ്റ ദിവസം സദ്യ പതിവില്ല. എന്നാൽ രണ്ടാം വിളക്കുമുതൽ പത്താം വിളക്ക് വരെ സദ്യയും ചടങ്ങുകളും നടത്താറുണ്ട്.

അന്നത്തെ രേഖകൾ പ്രകാരം
രണ്ടാം വിളക്കിന്റെ സദ്യയും വിളക്കും മല്ലിശ്ശേരി മന ഏറ്റെടുത്തിരുന്നു.
ആറാം വിളക്കിന്റെ ചിലവ് പുന്നത്തൂർ കോവിലകം ഏറ്റെടുത്തിരുന്നു.

ഈ പാരമ്പര്യം തുടർന്നുകൊണ്ടിരിക്കുമെന്ന വിശ്വാസത്തോടെ അവർക്കും കത്തയച്ചതായി ദേവസ്വം മാനേജർ റിപ്പോർട്ടിൽ രേഖപ്പെടുത്തി.

1946-ലെ രേഖകളിലും ആറാം വിളക്കിന്റെ പരാമർശം

1946 ഫെബ്രുവരി 7-ലെ മറ്റൊരു രേഖയിൽ ഗുരുവായൂർ ഉത്സവത്തിലെ ആറാം വിളക്ക് നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കാണാം. അന്നത്തെ മാനേജിങ് ട്രസ്റ്റിയായ കോഴിക്കോട് സാമൂതിരി കോവിലകത്തിൽ നിന്നാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.ഉത്സവച്ചിലവിനായി അനുവദിച്ചിരുന്ന 1250 പറ നെല്ലിൽ നിന്ന് ആറാം വിളക്കിനാവശ്യമായ നെല്ല് എടുത്ത് ചടങ്ങുകൾ നടത്തണമെന്നായിരുന്നു നിർദ്ദേശം.പുന്നത്തൂർ കോവിലകത്തിന്റെ പങ്കാളിത്തം നിലനിർത്തുന്നതിനോടൊപ്പം, ഉത്സവച്ചടങ്ങുകൾ തടസ്സമില്ലാതെ നടത്തണമെന്നായിരുന്നു സാമൂതിരി രാജാവിന്റെ നിർദ്ദേശം.

രാജകുടുംബങ്ങളുടെ ആത്മസമർപ്പണം

ഗുരുവായൂരപ്പന്റെ ഉത്സവം നടത്താൻ ഒരുദിവസത്തെ ചെലവ് ഏറ്റെടുക്കുന്നത് പല രാജകുടുംബങ്ങൾക്കും മഹാഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. കാലഘട്ടങ്ങൾ മാറിയെങ്കിലും ഭക്തരുടെ ആത്മസമർപ്പണം ഇന്നും അതേപോലെ തുടരുന്നു.അരി, നെല്ല്, ചക്ക, ഓട്ടുചരക്ക്, പട്ടുകുട, നെറ്റിപ്പട്ടം, വെൺചാമരം, ആലവട്ടം, കൊടിക്കൂറ, കൊടിക്കയർ തുടങ്ങി വിവിധ സമർപ്പണങ്ങളുമായി ഭക്തർ ഇന്നും ഗുരുവായൂർ സന്നിധിയിൽ എത്തുന്നു.

1000562006

നാമസംകീർത്തനത്തിന്റെ ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ഗുരുവായൂർ ഉത്സവം “ഉത്സവങ്ങളിലെ നിത്യോത്സവം” എന്ന വിശേഷണത്തിന് യോജിച്ച മഹത്വത്തോടെ ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ലോകമെമ്പാടുമുള്ള ഭക്തർക്കായി ഈ ഉത്സവദിനങ്ങൾ മംഗളസമൂഹൂർത്തങ്ങളായി മാറുന്നു.

1000562005

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts