1915 നവംബർ 14-ന് സാമൂതിരിപ്പാട് തമ്പുരാനെ അഭിസംബോധന ചെയ്ത് എഴുതിയ രാജിക്കത്ത് ഇന്നും ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ അപൂർവ സാക്ഷ്യം
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണപാരമ്പര്യത്തിൽ ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നൊരു പേര് – മേലേപ്രത്ത് കോന്തിമേനോൻ. കൊല്ലവർഷം 1076 മുതൽ പതിനഞ്ച് വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിന്റെ കാര്യസ്ഥനായി ആത്മാർത്ഥ സേവനം അനുഷ്ഠിച്ച ഈ പ്രഗത്ഭ ഭരണാധികാരി, 111 വർഷങ്ങൾക്ക് മുമ്പ്, 1915 നവംബർ 14-ന്, പ്രായാധിക്യത്തെ തുടർന്ന് തന്റെ സേവനജീവിതത്തിൽ നിന്നും വിനയപൂർവം വിടവാങ്ങുകയായിരുന്നു.
കോഴിക്കാട് സാമൂതിരിരാജാവിന്റെ കല്പനപ്രകാരം ദേവസ്വം ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘ഒന്നാംമേനവൻ’ എന്ന തസ്തിക രൂപീകരിക്കുകയും, ദേവസ്വം വ്യവഹാരങ്ങൾക്കായി പ്രത്യേക കാര്യസ്ഥനെ നിയമിക്കുകയും ചെയ്ത കാലഘട്ടത്തിലാണ് കോന്തിമേനോന്റെ സേവനം ആരംഭിച്ചത്. ഗുരുവായൂർ ദേവസ്വം ഭരണസംവിധാനം ഏകദേശം ഒരു സർക്കാർ സംവിധാനത്തിന്റെ മാതൃകയിലാക്കി മാറ്റിയ ഭരണപരിഷ്കർത്താവെന്ന നിലയിൽ കോന്തിമേനോൻ ശ്രദ്ധേയനായിരുന്നു.
ഭരണപരിഷ്കാരങ്ങളും ക്ഷേത്ര നവീകരണങ്ങളും
കോന്തിമേനോന്റെ കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം ഓഫീസിലും നിരവധി അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി.
ക്ഷേത്രം നാലമ്പലത്തിനകത്തെ കിണറിന്റെ മുകൾഭാഗം വെട്ടുകല്ലിൽ നിന്നു മാറ്റി കരിങ്കല്ലുകൊണ്ട് ഭദ്രമാക്കി, മൂന്ന് വശങ്ങളിൽ മറയുമൊരുക്കി.
തെക്കേ പഴയ പത്തായപ്പുര അറ്റകുറ്റപ്പണി നടത്തി ഭംഗിയാക്കി.
സാധുക്കൾക്ക് ചോറുനൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി.
1909-ൽ കിഴക്കേ നടയിൽ പുതിയ ദീപസ്തംഭം സ്ഥാപിച്ചു.
വിളക്കുമാടത്തിലെ ഇരുമ്പ് വിളക്കുകൾ മാറ്റി പിച്ചള വിളക്കുകൾ സ്ഥാപിച്ചു.
അതോടൊപ്പം, അന്യകൈവശം ചേർന്ന ദേവസ്വം ഭൂമികൾ കണ്ടെത്തി രേഖപ്പെടുത്തി, കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലും ദേവസ്വം വീഥികൾ അളന്ന് ക്രമീകരിച്ച് ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
ഗുരുവായൂരപ്പനു സമർപ്പിച്ച ജീവിതം
എല്ലാ പ്രവർത്തനങ്ങളും ഗുരുവായൂരപ്പനു സമർപ്പിച്ച സേവനബുദ്ധിയോടെ നിർവഹിച്ച കോന്തിമേനോൻ, ഒരു മാതൃകാ ദേവസ്വം കാര്യസ്ഥനായി മാറി. എന്നാൽ പ്രായാധിക്യം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ തടസ്സമായി മാറിയതോടെ, തന്റെ സേവനം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ചരിത്രരേഖയായ വിനയപൂർവമായ രാജിക്കത്ത്
1915 നവംബർ 14-ന് സാമൂതിരിപ്പാട് തമ്പുരാനെ അഭിസംബോധന ചെയ്ത് കോന്തിമേനോൻ എഴുതിയ രാജിക്കത്ത്, ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ അപൂർവ രേഖയായി ഇന്നും നിലനിൽക്കുന്നു. പതിനഞ്ച് വർഷത്തോളം “മാനത്തോടും വണക്കത്തോടും കൂടി” സേവനം ചെയ്തതായി അദ്ദേഹം കത്തിൽ രേഖപ്പെടുത്തുന്നു. പ്രായാധിക്യം മൂലം ഇനി കൂടുതൽ അദ്ധ്വാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വരുന്ന വൃശ്ചികം 30-ന് പദവിയിൽ നിന്നൊഴിയാൻ അനുമതി തേടുന്നതായും, ഗുരുവായൂരപ്പന്റെ കൃപയിൽ ശേഷിച്ച ജീവിതം കഴിക്കാനാഗ്രഹിക്കുന്നതായും വിനയത്തോടെ അദ്ദേഹം അറിയിക്കുന്നു.
രാജിക്കത്തിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു
“മഹാരാജമാന്യരാജശ്രീ സാമൂതിരിപ്പാട് തമ്പുരാൻ എഴുന്നള്ളി ഇരുന്നരുളുന്നേടത്ത് സമയം പോലെ വായിച്ച് ഉണർത്തിക്കേണ്ടതിന്ന്….മേലേപ്രത്ത് കോന്തി ബോധിപ്പിക്കുന്നത്.
കഴിഞ്ഞ കർക്കിടകം 17 ആംനു അടിയൻ പള്ളിപ്രത്ത് തിരുമുമ്പാകെ വന്നു കണ്ടതിനുശേഷം പോലെ പണിത്തിരക്കുകളെക്കൊണ്ടും വിടകൊള്ളേണ്ടതിന് ഇതുവരെ സാധിച്ചിട്ടില്ല.
ഗുരുവായൂരദേവസ്വം കാര്യസ്ഥൻ പണി 15 കൊല്ലത്തോളമായി അടിയൻ വളരെ കഷ്ടപ്പെട്ടും അദ്ധ്വാനിച്ചും നടത്തിവന്നിരിക്കുന്നു. ഇപ്പോൾ പ്രായാധിക്യമായി. ഇനി അധികം അദ്ധ്വാനിപ്പാൻ പ്രയാസമായി വന്നിരിക്കകൊണ്ട് വരുന്ന വൃശ്ചികം 30 ആംനു ഈ പണിയിൽ നിന്നും ഒഴിവാൻ അനുവാദത്തിന് അടിയൻ എസ്റ്റേറ്റ് കലക്ടർ അവർകൾക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മറുപടി കിട്ടീട്ടില്ല. എങ്കിലും അനുകൂലമായി കിട്ടുന്നതാകുന്നു. ഇവിടെയുള്ള സായ്വ് അവർകളെ അടിയൻ കണ്ട് വിവരം പറഞ്ഞിട്ടുണ്ട്. തിരുമുമ്പാകെ വന്നു ഉണർത്തിച്ച് അനുവാദം വാങ്ങി രാജി കൊടുക്കേണ്ടതായിരുന്നു. എങ്കിലും ഏകാദശി തിരക്ക് തുടങ്ങിയ ഈ സമയത്ത് യാതൊരു നിവൃത്തിയും ഇല്ലാത്തതിനാൽ വിടകൊള്ളാതിരുന്നതാകുന്നു.
15 കൊല്ലത്തോളം തമ്പുരാക്കന്മാരുടെ കീഴിൽ മാനമായും വണക്കത്തോടുകൂടിയും പണി എടുത്തിട്ടുള്ള അടിയൻ മേലിൽ തൃപ്പാദത്തെ ആശ്രയിച്ചും സ്മരിച്ചും കഴിവാൻ വിചാരിക്കുന്നതിനാൽ ആശ്രിതനായ അടിയനെ അനുഗ്രഹിപ്പാൻ തിരുമനസ്സുണ്ടാകേണ്ടതിന് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നു.
ശേഷം വിവരങ്ങൾ ഒരു മാസം കഴിഞ്ഞിട്ട് തിരുമുമ്പാകെ വന്ന് ഉണർത്തിച്ചുകൊൾകയും ചെയ്യാം.
എന്ന്
1091 തുലാം 28 ആംനു ഗുരുവായൂര തൃപ്പാദാശ്രിതൻ കോന്തി (ഒപ്പ്)”
ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണചരിത്രത്തിൽ കോന്തിമേനോന്റെ വിടവാങ്ങൽ ഒരു നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടുന്നു. സേവനവും വിനയവും ഒരുപോലെ കൈകോർത്ത ഒരു ദേവസ്വം കാര്യസ്ഥന്റെ ജീവിതം, ഇന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ പഴമയുടെ പെരുമയിൽ അഭിമാനത്തോടെ ഓർമിക്കപ്പെടുന്നു
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

