ഓടക്കുഴൽ നാദങ്ങളിൽ ശ്രീകൃഷ്ണലീലകൾ; അശോക് കുമാർ മാഷും വിദ്യാർത്ഥികളും ചേർന്ന സംഗീതാവിഷ്കാരം
ഗുരുവായൂർ: ഭക്തിയും സംഗീതവും ഒരുമിച്ചുചേർന്ന ആത്മീയ സായാഹ്നത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ ഓഡിറ്റോറിയം. ജനുവരി 24ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന കൃഷ്ണഗീതം പുല്ലാംകുഴൽ വായന ശ്രോതാക്കൾക്ക് ഹൃദയസ്പർശിയായ അനുഭവമായി.
ഗുരുവായൂർ ഓടക്കുഴൽ വിദ്യാലയത്തിലെ അധ്യാപകനായ അശോക് കുമാർ മാഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ സുഭദ്ര, ശ്രീ രുദ്ര, സജേഷ്, അജോയ്, നിഖിൽ, രാമു, മുരളി, സാരംഗ്, അഭിഷേക് എന്നിവർ ചേർന്നാണ് കൃഷ്ണഗീതത്തിന്റെ സംഗീതാവിഷ്കാരം അരങ്ങേറിയത്. പുല്ലാംകുഴലിന്റെ മൃദുലനാദങ്ങളിലൂടെ ശ്രീകൃഷ്ണലീലകൾ സംഗീതരൂപത്തിൽ അവതരിപ്പിച്ച പരിപാടി ഭക്തജനങ്ങൾക്ക് ആത്മസാന്ത്വനവും ആനന്ദവും പകർന്നു.
പരമ്പരാഗത സംഗീതശൈലിയെയും ആത്മീയതയെയും സമന്വയിപ്പിച്ച ഈ കൃഷ്ണഗീതം പരിപാടി മൂന്നുമാസം കൂടുമ്പോൾ സംഘടിപ്പിക്കപ്പെടുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഇതിലൂടെ യുവതലമുറയ്ക്ക് സംഗീതപരിശീലനവും ഭക്തിസാന്ദ്രമായ വേദിയും ഒരുപോലെ ഒരുക്കുകയാണ് ലക്ഷ്യം.അടുത്ത കൃഷ്ണഗീതം പുല്ലാംകുഴൽ വായന
ഏപ്രിൽ മാസത്തിലെ ആദ്യ ശനിയാഴ്ച ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

