സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം
ഗുരുവായൂർ: ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കിഴക്കേനട മഞ്ജുളാൽ പരിസരത്ത് സംഘടിപ്പിച്ച ‘ശബരിമല സംരക്ഷണ ജ്യോതി’ പ്രതിഷേധ പരിപാടി പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചു.
യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. ശബരിമലയെ അപമാനിക്കുന്നതും വിശ്വാസികളെ വഞ്ചിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങൾക്കും എതിരായി യുവജനശക്തി ഒരുമിച്ച് നിലകൊള്ളുമെന്നും, സ്വർണ്ണക്കൊള്ള വിഷയത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശബരിമല പോലുള്ള ദേശീയ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രത്തെ രാഷ്ട്രീയ സംരക്ഷണത്തിന്റെ പേരിൽ ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ കൗൺസിലർ വി.എസ്. നവനീത്, ബാലൻ വാറണാട്ട്, പ്രതീഷ് ഓടാട്ട്, പി.ആർ. പ്രകാശൻ, മനീഷ് നീലിമന, ശ്രീജിഷ് കെ.വി, രാകേഷ്, പ്രശാന്ത്, കൃഷ്ണകുമാർ, അൻസാർ എന്നിവർ സംസാരിച്ചു. ശബരിമലയുടെ വിശുദ്ധിയും വിശ്വാസവും സംരക്ഷിക്കാൻ ജനാധിപത്യപരമായ എല്ലാ പ്രതിഷേധ മാർഗങ്ങളും തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി സമാപിച്ചത്.
ശബരിമലയെ ചുറ്റിപ്പറ്റിയ ആരോപണങ്ങളിൽ സുതാര്യവും നീതിപൂർവവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്, വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

