യു.ഡി.എഫ് തരംഗം തടഞ്ഞത് ആര്?; പ്രചാരണ വീഴ്ചകളിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം – വിശദ റിപ്പോർട്ട് ഡി.സി.സിക്ക്
ഗുരുവായൂര്‍: നഗരസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി യോഗം രൂക്ഷമായ തര്‍ക്കത്തിലേക്ക് നീങ്ങി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നേതൃത്വ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്. സ്ഥാനാര്‍ഥികളും നേതാക്കളും തമ്മിലുണ്ടായ വാക്കേറ്റം നിയന്ത്രണാതീതമാകുകയും, സ്ഥാനാര്‍ഥിയായിരുന്ന ഒരാള്‍ വികാരാധീനനായി വേദിയിലേക്ക് എത്തി നേതാക്കളോട് പ്രതിഷേധിക്കുകയും ചെയ്തു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഒ. അബ്ദു റഹ്‌മാന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് ഇതോടെ പ്രക്ഷുബ്ധമായത്. സംസ്ഥാനത്തുടനീളം ശക്തമായ യു.ഡി.എഫ് തരംഗം രൂപപ്പെട്ടിട്ടും ഗുരുവായൂരില്‍ അത് പ്രകടമാകാതിരുന്നത് നേതൃത്വത്തിന്റെ പിഴവാണെന്നായിരുന്നു പ്രധാന വിമര്‍ശനം. മണ്ഡലം പ്രസിഡന്റ് തന്നെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതോടെ സംഘടനാപരമായ ആസൂത്രണങ്ങള്‍ തകരാറിലായെന്ന ആരോപണവും ശക്തമായി ഉയര്‍ന്നു.
ഇതിന് മറുപടിയായി, തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ അവധി അപേക്ഷ ഡി.സി.സിക്ക് സമര്‍പ്പിച്ചിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ വിശദീകരിച്ചു. മറ്റൊരു നേതാവിന് താല്‍ക്കാലിക ചുമതല നല്‍കാനുള്ള ധാരണ ഉണ്ടായിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരുന്നതായും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു പൊതുയോഗമോ റാലിയോ സംഘടിപ്പിക്കാന്‍ കഴിയാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഗുരുതര വീഴ്ചയാണെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. പ്രകടനപത്രിക പ്രകാശനത്തിന് പുറമെ ഒരു പൊതുചടങ്ങിലും സംസ്ഥാന നേതാക്കളെ പ്രചരണത്തിന് എത്തിക്കാനായില്ലെന്നും വിമര്‍ശനം ഉണ്ടായി. മറുവശത്ത്, എല്‍.ഡി.എഫും ബി.ജെ.പിയും റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ച് ശക്തമായ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ആവേശം പരമാവധി ഉയര്‍ന്ന സമയത്തും മറ്റ് കാര്യങ്ങളില്‍ വ്യാപൃതരായി നിന്ന ബ്ലോക്ക് നേതൃത്വത്തിനെതിരെയും ശക്തമായ വിമര്‍ശനമുണ്ടായി. ഈ വിഷയത്തില്‍ ഒരു സ്ഥാനാര്‍ഥി അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ യോഗം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത്, ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

