കൊട്ടാരക്കരയിൽ രാഷ്ട്രീയ ട്വിസ്റ്റ്: കൊട്ടാരക്കരയിൽ സ്ഥാനാർഥിത്വ സാധ്യത ശക്തം
കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ച് ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഐഷ പോറ്റി മത്സരിക്കാനുള്ള സാധ്യത ശക്തമാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി സിപിഐഎം നേതൃത്വവുമായി അകന്നു നിന്നിരുന്ന ഐഷ പോറ്റി, പാർട്ടി പരിപാടികളിൽ നിന്നും പൊതുചുമതലകളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്ന് അവർ നേതൃത്വം അറിയിച്ചിരുന്നതെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടി വാഗ്ദാനം ചെയ്തതായി കരുതിയിരുന്ന പദവികൾ ലഭിക്കാതിരുന്നതുമാണ് കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വനിതാ നേതാവായ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം, പ്രത്യേകിച്ച് കൊട്ടാരക്കര ഉൾപ്പെടുന്ന മേഖലയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാനിടയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീശക്തീകരണം, സാമൂഹിക നീതി, വികസന രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ സജീവ സാന്നിധ്യം പുലർത്തിയ നേതാവിന്റെ അനുഭവസമ്പത്ത് കോൺഗ്രസിന് ശക്തി പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഐഷ പോറ്റിയുടെ പാർട്ടി മാറ്റം, സിപിഐഎമ്മിന് രാഷ്ട്രീയമായ തിരിച്ചടിയായും കോൺഗ്രസിന് പുതിയ ഉണർവായും മാറുമോ എന്നതാണ് ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയരുന്ന പ്രധാന ചോദ്യം.

