ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുത്ത ബന്ധവും സ്വർണം പുറത്തേക്ക് കടത്താൻ നൽകിയ ഒത്താശയും അന്വേഷണത്തിൽ തെളിഞ്ഞു
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവായി തന്ത്രി കണ്ഠരർ രാജീവരരുടെ അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തന്ത്രിയെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രാത്രിയോടെ തന്ത്രിയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
അന്വേഷണത്തിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് എസ്‌ഐടിക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതായും, ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവരാനും ക്ഷേത്രപരിസരത്ത് സ്വാധീനം നേടിക്കൊടുക്കാനും തന്ത്രി നിർണായക പങ്കുവഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണപ്പാളികൾ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം തന്ത്രി ഒത്താശ ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി പലപ്പോഴും തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, ഗൂഢാലോചനയിൽ കൃത്യമായ പങ്ക് തന്ത്രിക്ക് ഉണ്ടായിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കി.
എ പത്മകുമാർ, തന്ത്രി കണ്ഠരർ രാജീവരർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ അറിഞ്ഞുകൊണ്ടും ആസൂത്രിതമായും നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ വിവിധ സ്ഥലങ്ങളിൽ ശിപാർശ ചെയ്തത് തന്ത്രിയാണെന്നു ചില ക്ഷേത്ര ഭാരവാഹികൾ എസ്‌ഐടിക്ക് മൊഴി നൽകിയതും കേസിൽ നിർണായകമായി.
ശബരിമലയുടെ വിശുദ്ധതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതര വെളിപ്പെടുത്തലുകളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. കേസിൽ കൂടുതൽ അറസ്റ്റുകളും വിപുലമായ അന്വേഷണം തുടരുമെന്നും എസ്‌ഐടി അറിയിച്ചു.

