പുതുവത്സര ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നതിനിടെ ഓൺലൈൻ ഡെലിവറി സേവനങ്ങൾ നാളെയോടെ സാരമായി ബാധിക്കപ്പെടും. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങി പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു.
കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷയുടെ അഭാവം, അനിശ്ചിത ജോലി സാഹചര്യങ്ങൾ എന്നിവയ്‌ക്കെതിരെയാണ് ഗിഗ് തൊഴിലാളികളുടെ പ്രതിഷേധം. തൊഴിൽ മേഖലയിലെ ഗുരുതര പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ഡിസംബർ 31-ന് നഗരങ്ങൾ മുഴുവൻ പുതുവത്സരാഘോഷങ്ങളുടെ തിരക്കിലായിരിക്കെ, ഡെലിവറി തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ജോലി സമ്മർദ്ദം അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ് ഇത്. എന്നാൽ ഇത്തരമൊരു നിർണായക ദിനത്തിൽ പണിമുടക്ക് നടപ്പിലാകുന്നതോടെ, പ്രത്യേകിച്ച് ഫുഡ് ഡെലിവറി സേവനങ്ങളിൽ വ്യാപക തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങൾക്കൊപ്പം പ്രധാന ടയർ-2 നഗരങ്ങളിലെയും ഡെലിവറി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ഡെലിവറി സമയം വേഗത്തിലാക്കാനുള്ള സമ്മർദ്ദം വർധിച്ചുവരുമ്പോഴും, അതിനനുസരിച്ച് തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരതയുള്ള തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതൃത്വം ആരോപിക്കുന്നു. ‘10 മിനിറ്റ് ഡെലിവറി’ പോലുള്ള രീതികൾ അവസാനിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
ഇതിന് പുറമെ സുതാര്യമായ വേതന വ്യവസ്ഥ, അപകട ഇൻഷുറൻസ്, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, നിർബന്ധിത വിശ്രമ ഇടവേളകൾ, ന്യായമായ ജോലി സമയം, സുരക്ഷാ ഉപകരണങ്ങളോടുകൂടിയ മെച്ചപ്പെട്ട സുരക്ഷാ നടപടികൾ എന്നിവയും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ജോലിസ്ഥലത്ത് ബഹുമാനവും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.


