തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത മഹാദേശ പൊങ്കാല. ദേവീസാന്നിധ്യത്തിൽ നൂറുകണക്കിന് പൊങ്കാല അടുപ്പുകൾ തെളിഞ്ഞു;
കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാ ദേശ പൊങ്കാല അതീവ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങുകൾ ക്ഷേത്രപരിസരമാകെ ആത്മീയ ഉണർവിന്റെ അനുഭവമായി മാറി.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരപരിസരത്ത് ഭഗവതിക്ക് മുന്നിൽ പ്രത്യേകം അലങ്കരിച്ച് ഒരുക്കിയ പൊങ്കാല അടുപ്പിൽ ഭഗവതി മേൽശാന്തി കണ്ടകത്ത് ഭാസ്ക്കരൻ നമ്പൂതിരി അനുഷ്ഠാനനിറവോടെ അഗ്നി തെളിയിച്ച് പൊങ്കാല ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്ര മൈതാനിയിൽ തിങ്ങിനിറഞ്ഞ ഭക്തകളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്ന്, പ്രാർത്ഥനാപൂർവം നിവേദ്യങ്ങൾ ഒരുക്കി ദേവീ സമർപ്പണം നടന്നു.

കീഴ്ശാന്തി ശിവകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കോട്ടപ്പടി സന്തോഷ് മാരാർ നടത്തിയ ശംഖ് വാദനത്തോടൊപ്പം കുത്ത് വിളക്കുമായി സംഘം ഓരോ പൊങ്കാല അടുപ്പിലും തീർത്ഥജലം തെളിച്ച് പുഷ്പാരതി ഉഴിഞ്ഞു. ഭക്തർ ഭഗവതിക്ക് നിവേദ്യമായി കാണിക്ക അർപ്പിച്ച് പ്രാർത്ഥനാപൂർവം പ്രസാദം ഭവനങ്ങളിലേക്ക് കൊണ്ടുപോയി.
നാരായണ പാരായണ സമിതിയുടെ ലക്ഷ്മീ സ്തോത്ര ഗാനാലാപനവും ചടങ്ങിന് ആത്മീയ സൗന്ദര്യം പകർന്നു. എത്തിയ എല്ലാ ഭക്തർക്കും പ്രഭാതഭക്ഷണവും പായസ പ്രസാദവും വിതരണം ചെയ്തു. ഉച്ചയ്ക്ക് അന്നദാനവും ഒരുക്കിയിരുന്നു.മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻ കണിച്ചാടത്ത്, ഇ. രാജു, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, പി. ഹരി നാരായണൻ എന്നിവർ നേതൃത്വം നൽകി.
മാതൃസമിതി ഭാരവാഹികളായ നഗരസഭ കൗൺസിലർ ബിന്ദു നാരായണൻ, പ്രേമ വിശ്വനാഥൻ, ക്ഷേത്രം മാനേജർ പി. രാഘവൻ നായർ, എ. വിജയകുമാർ, ഹരി വടക്കൂട്ട്, ചന്ദ്രൻ ചങ്കത്ത്, കെ. ഉണ്ണികൃഷ്ണൻ, എം. സുരേന്ദ്രൻ, അർച്ചനാ രമേശ് എന്നിവരും ചടങ്ങുകളുടെ ഏകോപനത്തിൽ സജീവമായി പങ്കെടുത്തു.

ഭക്തിയും ഐക്യവും നിറഞ്ഞ ഈ മഹാപൊങ്കാല ചടങ്ങുകൾ ഭക്തജനങ്ങൾക്ക് ആത്മീയ സമാധാനവും ദേവീകൃപയുടെ അനുഭവവും പകർന്നു.

