പ്രകടനപത്രിക പ്രകാശന വേളയിൽ ഇടതിന്റെ പ്രചരണക്കളി തുറന്നുകാട്ടി; ഗുരുവായൂരിന്റെ ജനക്ഷേമ വഴികാട്ടി യു.ഡി.എഫ് എന്നും സുധീരൻ വ്യക്തമാക്കി.
ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി യു.ഡി.എഫ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുൻ കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരൻ. ഇടതുമുന്നണിയുടെ ‘കോലീബി സഖ്യം’ എന്ന ആരോപണം “പരാജയ ഭീതിയിൽ നിന്നും ഉയർന്ന തരംതാണ ദുഷ്‌പ്രചാരണം” മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2015-ലെ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തുല്യനിലയിലെത്തിയപ്പോൾ പോലും വർഗീയ ശക്തികളുമായി കൈകോർക്കാതിരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി തീരുമാനിക്കുകയായിരുന്നു. “കേരളത്തിനു പുറത്തൊരിടത്തും കാണാനാകാത്ത രീതിയിൽ വർഗീയതയ്‌ക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. എല്ലായിടത്തും പോരാട്ടവീര്യമുള്ള മുന്നണിയാണ് യു.ഡി.എഫ്,” എന്നും സുധീരൻ പ്രസ്താവിച്ചു.

ഗുരുവായൂർ റിസോർട്ട്സിൽ നടന്ന വിജയാരവ സമ്മേളനത്തിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹ്മാൻ കുട്ടി, ഡി.സി.സി സെക്രട്ടറി അഡ്വ. ടി. എസ്. അജിത്ത്, ആർ. രവിക്കുമാർ, അരവിന്ദൻ പല്ലത്ത്, എ.ടി. സ്റ്റീഫൻ മാസ്റ്റർ, കെ.പി.എ. റഷീദ്, പി.കെ. രാജേഷ് ബാബു, സി.എസ്. സൂരജ്, ആർ.വി. ജലീൽ, തോമസ് ചിറമ്മൽ, ബാലൻ വാറണാട്ട്, ഒ.കെ.ആർ. മണികണ്ഠൻ, ആർ. ബാലകൃഷ്ണ അയ്യർ, പി.ഐ. ലാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഗുരുവായൂരിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് പൊതുസമൂഹവുമായി ചേർന്ന് തയ്യാറാക്കിയ സവിസ്തര പ്രകടന പത്രികയാണ് ചടങ്ങിൽ ആവേശത്തോടെ പുറത്തിറക്കിയത്. തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വി. എം. സുധീരൻ സ്നേഹാർപ്പണവും നൽകി.
പ്രകടന പത്രിക: പ്രധാന വാഗ്ദാനങ്ങൾ
- പടിഞ്ഞാറെ നടയിലെ മിനി മാർക്കറ്റ് പൊളിച്ചു നീക്കി അത്യാധുനിക രീതിയിലുള്ള പച്ചക്കറി-മത്സ്യ-മാംസ വിപണന മാർക്കറ്റ് സ്ഥാപിക്കും.
- ഹരിത കർമ്മ സേനയുടെ സേവനം പൂർണ്ണമായും നിലനിർത്തും.
- അന്നപൂർണ്ണ, അന്ന യോജന BPL കുടുംബങ്ങളെ ആദ്യഘട്ടമായി യൂസർ ഫീയിൽ നിന്നും ഒഴിവാക്കും.
- ആയുർവേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം.
- ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭൻ, കേളപ്പജി തുടങ്ങിയവർക്ക് ചരിത്രസ്മാരകങ്ങൾ.
- കുടുംബശ്രീ മുഖേന കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഇന്ദിരാ കാൻ്റീനുകൾ.
- അധികാരത്തിലെത്തി 100 ദിവസത്തിനകം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കും.
- നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിന് പ്രത്യേക കർമ്മ പദ്ധതി.
- തെരുവ് നായ നിയന്ത്രണത്തിനായി മൊബൈൽ ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ്.

