രൂപസാദൃശ്യം സംബന്ധിച്ച പരാതികൾക്ക് പരിഹാരമായി ശില്പി എളവള്ളി നന്ദൻ പുനർസൃഷ്ടിച്ച് നവീകരിച്ച പ്രതിമ നാളെ ഭക്തർക്ക് സമർപ്പിക്കുന്നു.

ഗുരുവായൂർ ∙ പ്രശസ്ത ആനയായ ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ നാളെ (23-11-2025, ഞായർ) രാവിലെ 9.30ന് ദേവസ്വം ചെയർമാൻ കെ.വി. വിജയൻ ഉദ്ഘാടനം ചെയ്യും. പുതുക്കിപ്പണിത പ്രതിമ ദേവസ്വം കൃഷ്ണാമൃതത്തിനു സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.
പുനർനിർമ്മിച്ച പ്രതിമയ്ക്ക് മുൻപ് കേശവൻ്റെ രൂപസാദൃശ്യം ഇല്ല എന്നായിരുന്നു ഭക്തരും ആനപ്രേമികളും ഉയർത്തിയ പ്രധാന പരാതി. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ശില്പി എളവള്ളി നന്ദൻ പുതുക്കി നിർമ്മാണ ചുമതല ഏറ്റെടുത്തു.

പുതിയ പ്രതിമയ്ക്ക് 378 സെന്റീമീറ്റർ ഉയരമുണ്ട്. മുൻ പ്രതിമയിൽ നിന്ന് പല ഘടകങ്ങളും പൊളിച്ചുമാറ്റി, പുതിയ ശൈലിയിൽ പുനഃസംവിധാനം ചെയ്താണ് അന്തിമ രൂപം നൽകിയിരിക്കുന്നത്.
പ്രതിമയുടെ നിർമാണച്ചുമതല ഭക്തനായ മണികണ്ഠൻ നായർ തന്റെ പിതാവിന്റെ സ്മരണയ്ക്കായി വഴിപാടായി ഏറ്റെടുത്തതാണ്. ശില്പനിർമ്മാണം നടന്ന കാലയളവിൽ ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, തന്ത്രി, മരാമത്ത് വിഭാഗം എന്നിവരുടെ പ്രത്യേക മേൽനോട്ടവും സഹകരണവും ഉണ്ടായിരുന്നു.

നിർമാണത്തിൽ സഹായകരായത്
വിനീത്കണ്ണൻ, രാജേഷ്, ശ്രീരാഗ്, അരുൺ, നവ്യ നന്ദകുമാർ, സാഗർ, രഞ്ജിത്ത്, ജോഷി, സുഭാഷ്, ബാബു, സുരേഷ് എന്നിവർ. നാളത്തെ സമർപ്പണച്ചടങ്ങിൽ ദേവസ്വം വിഭാഗം പ്രതിനിധികളും ഭക്തജനങ്ങളും വ്യാപകമായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

