ദർശന ശേഷം സോപാനപടിയിൽ കാണിക്ക. ദേവസ്വം പദ്ധതികളുടെ രൂപരേഖകൾ സ്വീകരിച്ച് സഹായം ഉറപ്പ്. ഗുജറാത്ത് മാതൃകയിൽ ആനകളുടെ സംരക്ഷണത്തിന് ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് അംബാനി.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പനെ നേരിൽ കണ്ടു തൊഴുത് പ്രാർത്ഥിച്ചും സോപാനപടിയിൽ കാണിക്കയർപ്പിച്ചും ദർശന പുണ്യം നേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം നിർദ്ദേശിച്ചിരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണത്തിനായി ആദ്യ സഹായമായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് അദ്ദേഹം കൈമാറി.

ഇന്ന് രാവിലെ 7.30 ഓടെയാണ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്തു ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിലെത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ അംബാനിയെ പൊന്നാടയണിയിച്ചു.

പൊതു അവധി ദിനമായതിനാൽ പ്രത്യേക ദർശന നിയന്ത്രണം നിലനിന്ന സാഹചര്യത്തിൽ 25 പേരുടെ ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ട് ഉപയോഗിച്ചാണ് അംബാനി ക്ഷേത്രത്തിൽ പ്രവേശനം നടത്തിയത്. നാലമ്പലിൽ ശ്രീഗുരുവായൂരപ്പനെ കണ്ട് അദ്ദേഹം പ്രാർത്ഥന അർപ്പിച്ചു. സോപാനപടിയിൽ കാണിക്ക നൽകി. മേൽശാന്തിയിൽ നിന്ന് പ്രസാദവും ഏറ്റുവാങ്ങി.

ഉപദേവൻമാരുടെ ദർശനം കഴിഞ്ഞ് കൊടിമരചുവട്ടിൽ ദേവസ്വം ചെയർമാൻ കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ അടങ്ങുന്ന പ്രസാദപ്പൊതി നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.

തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ചേർന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനുള്ള ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും അംബാനിക്ക് സമർപ്പിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഗുജറാത്തിൽ റിലയൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വന്യജീവി പരിപാലന കേന്ദ്രത്തിന്റെ മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മെച്ചപ്പെട്ട പരിപാലന സൗകര്യം ഒരുക്കാൻ സഹകരിക്കാമെന്നും അറിയിച്ചു.

ദർശനപുണ്യത്തിന്റെ സംതൃപ്തി നിറഞ്ഞ അദ്ദേഹം രാവിലെ എട്ട് മണിയോടെയാണ് ഗുരുവായൂരിൽ നിന്ന് മടങ്ങിയത്.


