ഗുരുവായൂർ: അരനൂറ്റാണ്ടോളം ഗുരുവായൂര്‍ നേരിട്ടിരുന്ന പ്രതിസന്ധികളെപ്പോലും പരിഹരിച്ച ഗുരുവായൂര്‍ വിജയഗാഥയുടെ നേര്‍സാക്ഷ്യമായി നഗരസഭയുടെ വികസന സദസ്സ്. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന സദസ്സ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ഇക്കാലയളവില്‍ വലിയ രീതിയിലുള്ള മുന്നേറ്റം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഗുരുവായൂരെന്ന് മന്ത്രി പറഞ്ഞു. മറ്റു നഗരസഭകളെക്കാള്‍ വലിയ രീതിയില്‍ വെല്ലുവിളി നേരിടുന്ന നഗരസഭയാണ് ഗുരുവായൂര്‍. ലക്ഷക്കണക്കിനാളുകള്‍ വന്നു പോവുന്ന ഗുരുവായൂരില്‍ ശുചിത്വമുറപ്പാക്കുക എളുപ്പമല്ലായിരുന്നു. ആ വെല്ലുവിളിയെ മികച്ച രീതിയില്‍ ഏറ്റെടുത്തുകൊണ്ട് ഇന്ന് ശുചിത്വ നഗരമായും കേരളത്തിലെ തന്നെ ഏറ്റവും മികച്ച നഗരസഭയായും മാറിയെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. നവംബര്‍ ഒന്നിന് രാജ്യത്തിന് തന്നെ മാതൃകയായി അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ഇന്ത്യയില്‍ മറ്റു സ്ഥലങ്ങളില്‍ ചേരികള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ കെട്ടി മറയ്ക്കുമ്പോള്‍ കേരളത്തില്‍ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കെട്ടി ഉയര്‍ത്തുന്നു. കൊച്ചിയില്‍ 13 നിലകളിലായി പണിത ഫ്‌ളാറ്റ് സമുച്ചയത്തില്‍ 394 കുടുംബംഗങ്ങള്‍ക്ക് താമസമൊരുക്കിയിരിക്കുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 4,64,304 വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1,33,595 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മറ്റെവിടെയും ചിന്തിക്കാന്‍ കഴിയാത്ത സ്വപ്നതുല്യമായ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുരുവായൂരില്‍ അരനൂറ്റാണ്ടോളം പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഗതാഗത കുരുക്കിന് പരിഹരമായി പണിത ഗുരുവായൂര്‍ മേല്‍പ്പാലം, ഒരു കാലത്ത് ദുര്‍ഗന്ധം കൊണ്ട് അടുക്കാന്‍ പറ്റാതിരുന്ന ചൂല്‍പ്പുറത്തെ ശവക്കോട്ട ബയോ പാര്‍ക്കായി മാറിയ കഥ, അന്താരാഷ്ട്ര നിലവാരത്തില്‍ പണിത ഫിഫ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചാവക്കാട് ജി.എച്ച്.എസ്.എസിലെ ഇലവണ്‍സ് ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട് തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നത്. ചടങ്ങില്‍ വയലിന്‍ പ്രതിഭ ഗംഗയുടെയും സംഘത്തിന്റെയും വയലിന്‍ അവതരണം നടന്നു.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വിനോദ് കുമാര്‍ സംസ്ഥാന സര്‍ക്കാര്‍ വികസനങ്ങളുടെ അവതരണവും നഗരസഭ എച്ച്.ഐ.എസ് ഹര്‍ഷിദ് ഗുരുവായൂര്‍ നഗരസഭ വികസന പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തി. ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ മനോജ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ സി അശോക് തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കൃഷ്ണദാസ് സ്വാഗതവും നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുവായൂര്‍ നഗരസഭ കരസ്ഥമാക്കിയ പ്രധാന പുരസ്‌കാരങ്ങള്‍: 2022-23, 2023-24 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ സ്വരാജ് ട്രോഫി നേടി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം അവാര്‍ഡ് – 2025. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്ലാറ്റിനം അവാര്‍ഡ്. 2023-24 വര്‍ഷത്തെ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്ര കേരളം പുരസ്‌കാരം. മാലിന്യമുക്ത നവകേരള ക്യാമ്പയിനില്‍ കേരളത്തിലെ ഏറ്റവുംമികച്ച നഗരസഭയായിതെരഞ്ഞെടുത്തു. വൃത്തി കോണ്‍ക്ലവ് ഒന്നാം സ്ഥാനം. കുടുംബശ്രീ ഒപ്പം ക്യാമ്പയിന്‍ 2023- ഒന്നാം സ്ഥാനം. സ്വച്ച് ഭാരത് മിഷന്റെ ഇന്ത്യന്‍ സ്വച്ചതാ ലീഗ് 2022 – മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ്

