ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു.
ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയിലിനെ തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായി അബിൻ വര്‍ക്കി, കെ.എം അഭിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമായത്.
തൃശൂര്‍ സ്വദേശിയാണ് ജനീഷ്. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

