അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ: കടുത്ത വിമർശനവുമായി ഡി.സി.സി മുൻ പ്രസിഡണ്ട് ജോസ് വള്ളൂർ
ഗുരുവായൂർ: നഗരസഭയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പൊതുപ്രവർത്തന പദ്ധതികളിലും ഗുരുവായൂർ നഗരസഭ ഭരണാധികാരികൾ സമ്പൂർണ്ണ പരാജയമാണ് കാഴ്ചവെച്ചതെന്ന് ഡി.സി.സി മുൻ പ്രസിഡണ്ട് ജോസ് വള്ളൂർ വിമർശിച്ചു.

തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിൽ പരാജയപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ തൈക്കാട് പ്രദേശത്ത് നടന്ന തെരുവ് നായാക്രമണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ജനങ്ങൾ ഭീതിയോടെ ജീവിക്കേണ്ട അവസ്ഥ സൃഷ്ടിച്ചതാണ് ഇന്നത്തെ ഭരണാധികാരികൾ,” ജോസ് വള്ളൂർ ആരോപിച്ചു.
ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണത്തിനെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഗുരുവായൂർ മോചനയാത്ര’യുടെ സമാപന സമ്മേളനം ചൊവ്വല്ലൂർ പടി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..

യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മറ്റി കോ-ഓർഡിനേറ്റർ ആർ. രവികുമാർ, ഡി.സി.സി സെക്രട്ടറി പി. കെ. രാജൻ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് കെ. പി. എ. റഷീദ്, നേതാക്കളായ സി. ജെ. സ്റ്റാൻലി, അരവിന്ദൻ പല്ലത്ത്, എ. ടി. സ്റ്റീഫൻ മാസ്റ്റർ, ബി.വി. ജോയ്, ഓ.കെ.ആർ. മണികണ്ഠൻ, ആൻ്റോ തോമസ്, സി. ജോയ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

തൈക്കാട് മേഖലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ എൻ. എ. നൗഷാദ്, പി. ഐ. ലാസർ മാസ്റ്റർ, ബാലൻ വാനാട്, ശശി വാറനാട്ട്, ബാബു പി. ആളൂർ, ലത പ്രേമൻ, ബി. മോഹൻ കുമാർ, പി. എസ്. രാജൻ, എം. വി. ബിജു, എ. എൽ. അരുൺ, അജിത അജിത്, ഷിൽവ ജോഷി എന്നിവർ പ്രസംഗിച്ചു.

