ഗുരുവായൂർ: മൂന്നു പതിറ്റാണ്ടുകളായി പ്രസിദ്ധ മൃദംഗ വിദ്വാൻ കുഴൽമന്ദം ഗോപാല കൃഷ്ണയ്യരുടേയും പുത്രൻ കുഴൽമന്ദം രാമകൃഷ്ണൻ്റെയും ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിട്ടുള്ള നിയുക്ത മേൽശാന്തിയായ മൂർത്തിയേടം സുധാകരൻ നമ്പൂതിരി, വ്യാഴാഴ്ച ഗുരുവായൂരിലെ വേദപാഠശാലയിൽ വെച്ച് മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണന് ഗുരുദക്ഷിണ നൽകി.
ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തിയായ ശേഷം ഗുരുവിനെ നേരിൽ കാണണമെന്ന് സുധാകരൻ നമ്പൂതിരി ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നായിരുന്നു നവരാത്രി തിരക്കുകൾക്കിടയിലും കുഴൽമന്ദം രാമകൃഷ്ണൻ ഗുരുവായൂരിലെത്തിയത്.
മാതൃ വാത്സല്യത്തോടെയുള്ള ഒരു മേൽശാന്തിയുടെ മനോവികാരത്തെയുൾ ക്കൊണ്ട് കുഴൽമന്ദം രാമകൃഷ്ണൻ എഴുതിയ “മാത്യ വാത്സല്യത്തിൻ്റെ ഭാവം” എന്ന ഗുരുവായൂർ കണ്ണനും മേൽശാന്തിയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഗാനം ഭാഗേശ്രീ രാഗത്തിൽ നിയുക്ത മേൽശാന്തി ആലപിച്ചു. 2000 ഗാനങ്ങൾ പിന്നിട്ട് മുന്നേറുന്ന സുലളിതം എന്ന കുഴൽമന്ദം രാമകൃഷ്ണൻ്റെ ഗാനരചനയ്ക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.
ജീവിതത്തിലെ ധന്യമായ മുഹൂർത്തങ്ങളിലൊന്നായി ഇന്നത്തെ സമാഗമവും ഉള്ളിൽ സൂക്ഷിക്കുന്നതായി കുഴൽമന്ദം രാമകൃഷ്ണനും പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനായിരുന്ന ആർ പരമേശ്വരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.
https://youtu.be/Rzs-LvGZ-eo?feature=shared
ഗുരുവായൂർ ഷേത്രം നിയുക്ത മേൽശാന്തി മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരി പാടുന്നു. ഭാഗേശ്രീ രാഗത്തിൽ ശ്രീകൃഷ്ണ ഗാനം ഇന്ന് സുലളിതത്തിൽ

