? ഹൈലൈറ്റുകൾ
അഷ്ടമിരോഹിണി ദിനത്തിനായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
പ്രസാദ ഊട്ട്: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ; 27.5 ലക്ഷം രൂപയുടെ ചെലവ്
200-ഓളം വിവാഹങ്ങൾ ശീട്ടാക്കി; പുലർച്ചെ 4 മുതൽ തുടക്കം. 4 മണ്ഡപങ്ങൾ സജ്ജം; ആവശ്യമെങ്കിൽ 5-ാം മണ്ഡപവും
വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം..പൊതുവരി കൊടിമരം വഴി ക്ഷേത്രത്തിലേക്ക്..
മുതിർന്ന പൗരൻമാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം
അപ്പം വഴിപാട് എസ്റ്റിമേറ്റ് ₹7.25 ലക്ഷം, പാൽപായസം വഴിപാട് എസ്റ്റിമേറ്റ് ₹8.08 ലക്ഷം
കലാമേളകളും ശീവേലികളും: പെരുവനം കുട്ടൻമാരാർ, ഗുരുവായൂർ ശശിമാരാർ, ഗുരുവായൂർ മുരളി എന്നിവർ
ഗുരുവായൂർ:ശ്രീകൃഷ്ണജന്മാഘോഷമായ അഷ്ടമിരോഹിണി ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂരപ്പന്റെ പിറന്നാൾ ദിനത്തിൽ പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് മുൻഗണന നൽകി ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. നിർമ്മാല്യം മുതൽ പൊതു വരി നേരിട്ട് കൊടിമരം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഭക്തജന തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
മുതിർന്ന പൗരൻമാർക്ക് രാവിലെ 4 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയും മാത്രമേ ദർശനം അനുവദിക്കൂ. ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും കൊടിമരം വഴിയിലൂടെ പ്രവേശനം സുലഭമാക്കും.
38.47 ലക്ഷം രൂപയുടെ ആഘോഷ എസ്റ്റിമേറ്റ്
അഷ്ടമിരോഹിണി ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. ചുറ്റുവിളക്കും കാഴ്ചശീവേലിക്കും 6.90 ലക്ഷം രൂപയും അനുവദിച്ചു. ഭക്തജനങ്ങൾക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകുന്നതിനായി 27.50 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
വിശേഷാൽ പ്രസാദ ഊട്ടിന് ശ്രീ ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസാളൻ, ഓലൻ, അവിയൽ ,എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കു പുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളിഇഞ്ചി, പപ്പടം, മോര് എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും. രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരു വായുരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദ ഊട്ട് നൽകും. അന്ന്ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും 150 പ്രൊഫഷണൽ വിളമ്പുകാരെ നിയോഗിച്ചിരിക്കുകയാണ്. പാൽപായസവും ഉൾപ്പെടുന്ന വിശേഷാൽ പ്രസാദം ഭക്തർക്ക് ധന്യതയായി എത്തും.
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25760 രൂപയാണ് അപ്പം, എസ്റ്റിമേറ്റ് തുക രശീതിന് 35 രൂപയാണ് നിരക്ക്. വഴിപാടുകാരന് പരമാവധി 700 (20 ശീട്ട്) രൂപയുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. 8,08,000 രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.
അഷ്ടമി രോഹിണി ദിനത്തിൽ രാവിലെയും
ഉച്ചയ്ക്കും കാഴ്ചശീവേലിക്കും പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ് ണൻ എന്നിവരുടെ പ്രമാണത്തിൽ വാദ്യ കലാകാരൻമാർ വിശേഷാൽ മേളമൊരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻമാരാരും സംഘവും, മദ്ദത്തിൽ കലാമണ്ഡലം കുട്ടി നാരായണനും സംഘവും ഇടയ്ക്കയിൽ പല്ലശന സുധാകരനും സംഘവും കൊമ്പിൽ പേരാമംഗലം വിജയനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലു കുട്ടിയും സംഘവും അണി നിരക്കും. ഗുരുവായൂർ ശശിമാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് ‘വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണം. ഇടയ്ക്കയിൽ ഗുരുവായൂർ ശശിമാരാരും സംഘവും. നാഗസ്വരം ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കും.
200-ഓളം വിവാഹങ്ങൾ
അഷ്ടമിരോഹിണി ദിനത്തിൽ 200-ഓളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. പുലർച്ചെ 4 മുതൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, നാല് മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ അഞ്ചാമത്തെ മണ്ഡപവും തുറക്കുമെന്നും ഭരണസമിതി അറിയിച്ചു.
പത്രസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും പങ്കെടുത്തു.

