ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരങ്ങളിൽ കാലങ്ങളായി താമസിച്ചു വരുന്ന തദ്ദേശീയർ, ക്ഷേത്ര ദർശനത്തിന് നേരിടുന്ന അവഗണനയ്ക്കെതിരെ ക്ഷേത്രം വാർഡ് കൗൺസിലർ കൂടിയായ ശോഭ ഹരിനാരായണൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, ഭക്തൻമാരായ ജയപ്രകാശ്, കൃഷ്ണകുമാരൻ, ദിലീപ് ഘോഷ് തുടങ്ങിയവർ ചേർന്ന് അഡ്മിനിസ്ടേറ്ററെ നേരിട്ട് കണ്ട് നിവേദനം നൽകി.
ഗുരുവായൂർ ക്ഷേത്രത്തിലെ പടച്ചോറും നിവേദ്യങ്ങളും കഴിച്ചാണ് തങ്ങളുടെ മുൻ തലമുറകൾ ജീവിച്ചു വന്നിരുന്നത്. ക്ഷേത്ര ചൈതന്യം അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങൾ കൂടുതലായി എത്തിച്ചേരുകയും അതിനനുസരിച്ചുള്ള വികസനങ്ങൾ പരിസരങ്ങളിൽ ഉണ്ടാവുകയും ചെയ്യുന്നു. ക്ഷേത്ര വികസനത്തിൻ്റെ പേരിൽ പല കുടുംബങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടു. അതിനാൽ ഗുരുവായൂരിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയും ചെയ്‌തു. നാളിതുവരെ പ്രാദേശികം എന്ന പേരിൽ ഭഗവാനെ ദർശിക്കാനുള്ള സൗകര്യമുണ്ടായിരുന്നതു പോലും അടുത്ത കാലത്തായി തങ്ങൾ അവഗണന നേരിടുകയാണ്, കാലത്തും വൈകുന്നേരങ്ങളിലും ഒരു നിശ്ചിത സമയങ്ങളിൽ അയ്യപ്പക്ഷേത്രത്തിനു സമീപത്തുള്ള വഴികളിൽ കൂടി ദർശന സൗകര്യം ലഭിച്ചിരുന്നു. ഇപ്പോൾ സീനിയർ സിറ്റിസൺ വിഭാഗവും മാനേജർ ടോക്കൺ നൽകുന്നവരും പ്രാദേശികവും ഒന്നിച്ച് വടക്കുഭാഗത്തുള്ള വഴിയിൽ കൂടി കടത്തി വിടുന്നു. ഈ ക്യൂ സംവിധാനം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്, ജനറൽ ക്യൂ കൊടിമരച്ചുവട്ടിലൂടെ നേരെ വിടുന്നതിനാൽ ക്ഷേത്ര പ്രദക്ഷിണവും, ശയന പ്രദക്ഷിണവും, അടി പ്രദക്ഷിണവും അനുവദിക്കപ്പെടുന്നില്ല. മാത്രവുമല്ല പ്രാദേശികം എന്നു പറയുമ്പോൾ ചില സെക്യൂരിറ്റി ജീവനക്കാരുടെ വളരെ പരുഷമായ പെരുമാറ്റവും തങ്ങൾക്കുണ്ടാകുന്നതായും നിവേദനത്തിൽ പറയുന്നു. ദിവസവും കാലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മറ്റുപല തൊഴിലുകളിലും പോകേണ്ടതായ തങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കുവാനുള്ള അസൗകര്യം മനസ്സിലാക്കി കൊണ്ട് പഴയതു പോലെ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തുകൂടി ദർശന സൗകര്യം ഒരുക്കി തരുവാൻ കൂടി നിവേദനത്തിൽ പറയുന്നു.

