ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ വിശകലനവും ചർച്ചയും മെയ് 1ന് 2 മണിക്ക് ഗുരുവായൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പങ്കജ് റെസിഡൻസിയിൽ നടക്കും.
ഗുരുവായൂർ നഗരസഭയ്ക്കായി ഒരു കരട് മാസ്റ്റർ പ്ലാൻ സർക്കാർ 2023 ഏപ്രിൽ 1 നു പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വരുന്ന 15 വർഷത്തെ വികസനം മുന്നിൽ കണ്ടു കൊണ്ട് സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്ന മാസ്റ്റർ പ്ലാനിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് ഇപ്പോൾ അവസരമുണ്ട്.
ഗുരുവായൂരിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സേവ് ഗുരുവായൂർ മിഷനും, ലൈസൻസ്ഡ് എഞ്ചിനിയർമാരുടെയും സൂപ്പർ വൈസർമാരുടെയും സംഘടനയായ ലെൻഡ് (ലൈസൻസ്ഡ് എഞ്ചിനിയേർസ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) ഗുരുവായൂർ ഏരിയ കമ്മിറ്റിയും സംയുക്തമായാണ് മാസ്റ്റർ പ്ലാൻ ചർച്ചക്ക് അവസരമൊരുക്കുന്നത്.
പുതിയ മാസ്റ്റർ പ്ലാൻ അവതരണത്തിനായി നഗര ആസൂത്രണ രംഗത്തെ വിദഗ്ധരും, ജനപ്രധിനിധികളും, വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതിനും ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് സേവ് ഗുരുവായൂർ മിഷൻ പ്രസിഡണ്ട് ശിവജി ഗുരുവായൂർ, ലെൻസ് ഫെഡ് ഗുരുവായൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് സി ജെ ഷാജു എന്നിവർ അറിയിച്ചു.