ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണം വെള്ളിയാഴ്ച രാത്രി വൈശാഖ മാസാരംഭത്തിൻ്റെ പുണ്യ നിറവിൽ നടന്നു. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാമത് അഷ്ടപദി സംഗീതോൽസവ വേദിയിലെ സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, അഷ്ടപദി കലാകാരൻ അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക് പുരസ്കാരം സമ്മാനിച്ചു
അഷ്ടപദി ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 25001 രൂപയും ശിൽപവും പ്രശസ്തിപതവും അടങ്ങുന്നതാണ് പുരസ്കാരം. ദീർഘകാലം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു കൃഷ്ണൻകുട്ടി മാരാർ. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ്. 62 വർഷമായി അഷ്ടപദി ഗായകനാണ്.
ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ക്ഷേത്ര കലകൾക്ക് പ്രോൽസാഹനം നൽകാനും ശ്രമിക്കണം. അടുത്ത അധ്യയന വർഷം മുതൽ ദേവസ്വം നേതൃത്വത്തിലുള്ള വേദപാഠശാല പ്രാബല്യത്തിലാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ എൻ കെ അക്ബർ, ഭരണ സമിതി അംഗങ്ങളായ മനോജ് ബി നായർ, കെ ആർ ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭക്തർ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
വെളിയാഴ്ച രാവിലെ 8 മണിയോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ നിലവിളക്ക് തെളിയിച്ചതോടെയാണ് സംഗീതോൽസവം ആരംഭിച്ചത്. 60ലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തി.
പുരസ്കാര സമർപ്പണ സമ്മേളനത്തിനു ശേഷം അമ്പലപ്പുഴ കൃഷ്ണൻ കുടി മാരാരുടെ അഷ്ടപദി കച്ചേരിയും അരങ്ങേറി