ഗുരുവായൂർ: കേരള നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തോകത്സവത്തിൽ നിന്ന് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ചാവക്കാട് വഞ്ചികടവത്തെ ഹൈദ്രോസ് കുട്ടി മൂപ്പർ സ്മാരക പാർക്കിൽ വെച്ച് ബഹു. ഗുരുവായൂർ എം എൽ എ ശ്രീ. എൻ. കെ. അക്ബർ നിർവഹിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താകലി, പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കെ എ വിശ്വംഭരൻ, കെ പി വിനോദ്, കെ കെ മുബാറക്ക് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ 25 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ കൈമാറിയത്.
തുടർന്ന് നടന്ന സെമിനാറിൽ “വായനയുടെ ലോകം” അടിസ്ഥാനമാക്കി പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ.എ.പി.അഹമ്മദ് വിഷയം അവതരിപ്പിച്ചു. ശാലിനി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.