ഗുരുവായൂർ : ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ടാണശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ച്, എൻ.സി.സി.
കണ്ടാണശ്ശേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ചിന്താ കെ പി ക്ക് ഉപഹാരം നൽകിയാണ് ആദര സമ്മേളനം ആരംഭിച്ചത്. 24 കേരള ബറ്റാലിയൻ എൻ.സി.സി അസോസിയേറ്റ് ഓഫീസർ മേജർ പിജെ സ്റ്റൈജു ദിനാചരണം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മേഖല എന്നത് ഡോക്ടറും നഴ്സും മാത്രമല്ല എന്നും ആരോഗ്യ മന്ത്രി മുതൽ താഴെത്തട്ടിലുള്ള ആശാവർക്കർ വരെയുള്ളവരുടെ കഠിന പരിശ്രമമാണ് ആരോഗ്യ പ്രവർത്തനത്തിന്റെ വിജയം എന്ന സന്ദേശ പ്രചരണം കൂടിയാണ് ഇത്തരം ആദരവുകളിലൂടെ എൻ.സി.സി ലക്ഷ്യം വെയ്ക്കുന്നത് എന്ന് മേജർ പി ജെ സ്റ്റൈജു അഭിപ്രായപ്പെട്ടു.
ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് എൻ എഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു ജേക്കബ്, വി.എൽ ബിജു, സ്റ്റാഫ് നേഴ്സ് ജോയ്സി സി ജോൺ ,ഫാർമസിസ്റ്റ് രാജേശ്വരി ബി.ജി ,ജൂനിയർ പബ്ലിക് നേഴ്സ് നേഴ്സുമാരായ ഡെയ്സി ആന്റണി ,ബിനി ജെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർക്ക് കേക്കും മധുരപലഹാരവും വിതരണവും നടന്നു. ആരോഗ്യരംഗത്ത് വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇത്തരം ആദരവുകൾ ഊർജ്ജം പകരുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ചിന്താ കെ പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.