കുന്ദംകുളം: അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിന്റെ നാടൻ പശു പരിപാലന കേന്ദ്രമായ *ഗോലോക് ലേക്ക് തിരുവില്ല്വാമല പാമ്പാടി ഐവർ മഠം സാരഥിയും വില്ല്വാദ്രി പശു സംരക്ഷകനുമായ രമേശ് കോരപ്പത്ത് ഒരു ജോഡി വില്ല്വാദ്രി പശുക്കളെ സമർപ്പിച്ചു.
വില്വാദ്രിനാഥന്റെ ഗോക്കൾ എന്നറിയപ്പെടുന്ന വില്വാദ്രി പശുക്കൾ തൃശ്ശൂർ ജില്ലയിലെ തിരു വില്വ മലയുടെ സ്വന്തം ഇനത്തിൽപ്പെട്ട പശുക്കളാണ്. വര്‍ഷം തോറും പ്രസവിക്കുന്ന തമിഴ്നാട്ടിലെ ആണ്ടുകണ്ണി പശുക്കളുടെ വിഭാഗത്തിൽ വില്വാദ്രി പശുക്കളെയും ഉള്‍പ്പെടുത്താമെന്ന് പഴമക്കാർ പറയുന്നു. കഠിനമായ ചൂടിനെ പ്രതിരോധിച്ച് ജീവിക്കാൻ വില്വാദ്രി പശുക്കൾക്ക് കഴിവുണ്ട്. ഇവയുടെ ഇളം തവിട്ട് നിറം ചൂടിനെ തടയാൻ സഹായിക്കുന്നതായി പറയുന്നു.
ഒരു മീറ്റർ വരെയാണ് പശുക്കളുടെ ഉയരം. കാളകൾക്ക് ഒന്നര മീറ്റർ വരെ ഉയരം വരും. പച്ചപ്പുല്ലിന്റ അഭാവമുണ്ടാകുമ്പോൾ, മൂർച്ചയുള്ള കൊമ്പ് കൊണ്ട് മരത്തിന്റെ തൊലി അടർത്തി കഴിക്കാനും വില്വാദ്രി പശുക്കൾക്ക് കഴിവുണ്ട്. ദൃഢമായ ശരീര പ്രകൃതമുള്ള ഇവയ്ക്ക് കുത്തനെയുള്ള മലകൾ അനായാസേന കയറാൻ കഴിയും.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ പശുക്കളെ പരിപാലിക്കുകയും ആജീവനാന്തം സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ആര്യലോക് ആശ്രമത്തിന്റെ ഗോലോകിനുള്ളത്.
വെച്ചൂർ, കാങ്കയം, ഉബ്ളാഞ്ചേരി, കൃഷ്ണ, കാസർഗോഡ് കുള്ളൻ, വില്ല്വാദ്രി എന്നീ ഇനങ്ങളാണ് ഇപ്പോൾ ഗോലോകിൽ ഉള്ളത്. ജൈവ ഭക്ഷണ പദാർത്ഥങ്ങൾ മാത്രമാണ് പശുക്കൾക്ക് ഇവിടെ ആഹാരമായി കൊടുക്കുന്നത്.
മാനസികമായ പിരിമുറുക്കം, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവക്ക് ഏറെ ഫലപ്രദമാണ് പശുപരിപാലനവും, പശുക്കളോടുള്ള സമ്പർക്കവും തലോടലുമെല്ലാം. ഗോക്കളെ സ്നേഹിക്കുന്നതും, പരിപാലിക്കുന്നതും സർവ്വ ജീവജാലങ്ങളോടും കരുണയുണ്ടാവുന്നതിനും, ലളിതമായൊരു മാർഗ്ഗം കൂടിയാണ്. ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ഉള്ള പ്രണയാർദ്രമായ ജീവിത ശൈലിയുള്ള ശ്രീകൃഷ്ണ ചരിതം വരച്ചു കാട്ടിയിരിക്കുന്നതും പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ആനന്ദാവസ്ഥയാണ്.
ഭാരതത്തിന്റെ മൂല്യവത്തായ സംസ്കാരങ്ങൾ പലതും വികാരാധിക്യത്താൽ അന്യം നിന്നുപോയപ്പോൾ വിദേശ രാജ്യങ്ങളിൽ *കോ നുഫ്ലൻ (*Koe Knufflelen*) എന്ന
സമ്പ്രദായത്തിലൂടെ ഇവ പിന്തുടരുകയാണ്. ഡച്ച് പദമായ കോ നുഫ്ലൻ എന്ന വാക്കിന്റെ അർത്ഥം പശുവിനെ കെട്ടിപ്പിടിക്കുക എന്നാണ്.
കൗ ഹഗ്ഗിങ്ങിന് വേണ്ടിയുള്ള ടൂറുകൾ പോലും വിദേശരാജ്യങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. അവിടെ പശുവിനെ തലോടാം, ഓമനിക്കാം, തീറ്റ കൊടുക്കാം, അവയോടൊപ്പമുള്ള സമയം സ്വീകരിക്കാം.
മനസ്സ് അസ്വസ്ഥമായവർക്ക് പശുവിന്റെ സ്പർശം തെറപ്യൂടിക് സാന്ത്വനമായി അനുഭവപ്പെടുമെന്നും, പശുവിനെ ആശ്ലേഷിക്കുമ്പോൾ മനുഷ്യ മസ്തിഷ്കത്തിൽ സ്നേഹം ഉണർത്തുന്ന ഹോർമോണായ
ഓക്സിടോസിൻ അധികമായി ഉൽപാദിപ്പിക്കുമെന്നാണ് അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ഗോപരിപാലനം സമ്പത്ത്, കീര്‍ത്തി പുത്ര പൗത്രാദികളുടെ ശ്രേയസ്സ്, സ്വർഗ്ഗീയ പ്രാപ്തി ഗുണഗണങ്ങൾ അനുഭവവേദ്യമാകുമെന്ന് വേദങ്ങൾ ഘോഷിക്കുന്നു.
പണ്ട് കാലങ്ങളിൽ ഗൃഹങ്ങളും ക്ഷേത്രങ്ങളും പശുവിൻ ചാണകം തെളിച്ച് പരിശുദ്ധമാക്കിയിരുന്നു. ഇന്ന് സമ്പ്രദായങ്ങൾ മാറി മാറി മനുഷ്യൻ പ്രകൃതിയിൽ നിന്ന് തന്നെ അകന്നു കൊണ്ടിരിക്കുകയാണ്. *ഗോമൂത്രം, ഗോമയം, ക്ഷീരം, തൈര്, നെയ്യ് എന്നീ അഞ്ചു കാര്യങ്ങളാല്‍ സകല ജഗത്തും പവീത്രീകരിക്കപ്പെടുന്നതായാണല്ലോ ഹിന്ദുമത വിശ്വാസം.
നാം അല്പം കൂടി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കണം. അതിന് കാർഷിക സംസ്കാരത്തിന് ഊന്നൽ നൽകണം. വിദ്യാർത്ഥികളിൽ കൃഷി രീതിയോടുള്ള അഭിവാഞ്ച വളരുവാൻ പഠന രീതികൾ പുഷ്ടിപ്പെടുത്താണം.
പ്രകൃതി കൃഷിയും ജൈവ വിളകളുടെ അഭാവവും ജൈവവൈവിധ്യ മേഖലയെ അനുദിനം തകിടം മറിച്ച് കൊണ്ടിരിക്കുകയാണെന്ന് വിസ്മരിച്ചു കൂടാ. ശുഭാപ്തിയോടെ കാണുന്നവർക്ക് മേല്പറഞ്ഞ അനുഭവങ്ങൾ സ്വായത്തമാവും. ഗോലോകിൽ ഉള്ള പശുക്കളും കാളകളും ജീവിതാന്ത്യം വരെ ഇവിടെ തന്നെ വളരുമെന്നും സംരക്ഷിക്കുമെന്നും തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള കലശമല ആര്യലോക് ആശ്രമാധിപൻ ആര്യമഹർഷി പറഞ്ഞു.