തൃശൂർ: ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിനു മുമ്പിൽ പ്രവർത്തനം ആരംഭിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനാണ് അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനമായ പെലിക്കൻ സിഗ്നലുകൾ പ്രവർത്തിക്കുന്നത്.
റോഡിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ക്രോസിംഗ് ബട്ടൺ അമർത്തുമ്പോൾ പച്ച സിഗ്നൽ മഞ്ഞയും ചുവപ്പുമായി മാറുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ സഹായിക്കും. ഇതോടെ ഓരോ ഒന്നര മിനിറ്റിലും കാൽനട ക്രോസിംഗ് സജീവമാകും.
സിഗ്നലിന് റോഡുകൾ മുറിച്ചു കടക്കാൻ 20 സെക്കൻഡ് ദൈർഘ്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ സിഗ്നൽ ലൈറ്റുകളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും.
ദേവമാത സ്കൂളിലെ പി.ടി.ഡബ്ലിയു.എ. കമ്മിറ്റിയാണ് ഏഴു ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനം ഒരുക്കിയത്. പെലിക്കൻ സിഗ്നൽ സംവിധാനത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ, വിദ്യാർത്ഥികളായ നിവേദിത് പത്മകുമാർ, കെവിൻ ക്രിസ്റ്റോ മുട്ടിക്കൽ എന്നിവർ ചേർന്ന് സ്വിച്ച് ഓൺ നിർവ്വഹിച്ചു.
എസിപി കെ.കെ. സജീവ്, സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്എച്ച്ഒ പി. ബിനാൻ, ദേവമാത പ്രിൻസിപ്പാൾ സണ്ണി പുന്നേലിപ്പറമ്പിൽ, സിഎംഐ പി.ടി.ഡബ്ലിയു.എ. പ്രസിഡന്റ് സുമിത്ത് മോഹൻ, പി.ടി.ഡബ്ലിയു.എ. വൈസ് പ്രസിഡന്റ് സന്ധ്യ ഷിനോജ് എന്നിവർ പ്രസംഗിച്ചു.